പോളണ്ടില്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി

November 4, 2017 രാഷ്ട്രാന്തരീയം

ganja-1വാര്‍സോ: പോളണ്ടില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിനല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മസ്തിഷ്‌ക രോഗം, ഛര്‍ദി, തലകറക്കം, അപസ്മാരം തുടങ്ങി വിവിധ അസുഖങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് തയാറാക്കുന്നതിന് കഞ്ചാവ് ഉപയോഗിക്കാമെന്നാണ് പോളണ്ട് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇത് കര്‍ശന നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും ആണെന്ന് മാത്രം.

പോളണ്ട് പ്രസിഡന്റ് ആന്ദ്രെ ദുദെ ഇതു സംബന്ധിച്ച ഉത്തരവില്‍ മൂന്നുമാസം മുന്‍പ് ഒപ്പുവച്ചിരുന്നതാണ്. അടുത്ത ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പോളണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് നിലവില്‍ 30,000ലധികം രോഗികള്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്നാണ് സൂചന. 15,000ലേറെ ഫാര്‍മസികള്‍ക്ക് മരുന്ന് തയാറാക്കാനും വില്‍പന നടത്താനും അനുമതി നല്‍കുക. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും നടപടികളും വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനായി രാജ്യത്ത് കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കില്ല. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം