ഇന്ത്യ ഫൈനലിലേക്ക്

March 31, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മൊഹാലി: സെമിയില്‍ പാക്കിസ്ഥാനെ 29 റണ്‍സിന്‌ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ നിര്‍ദ്ദിഷ്ട 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 260 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 231 റണ്‍സിന്‌ പുറത്തായി.
നൂറുകോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും സ്വപ്നവും നെഞ്ചിലേറ്റി ഇറങ്ങിയ ഇന്ത്യ രാഷ്ട്രത്തിന്‌ നല്‍കിയ വിരുന്നായി ഈ വിജയം. ക്രിക്കറ്റിനെ മതമായി സ്വീകരിച്ച രാജ്യത്ത്‌ വിജയത്തില്‍ കുറഞ്ഞൊന്നും ആര്‍ക്കും പ്രതീക്ഷിക്കാനില്ലായിരുന്നു. ഇനി ഇന്ത്യയ്ക്കും കിരീടത്തിനുമിടയില്‍ ഒരു മത്സരം മാത്രം.
ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന്‌ കഴിഞ്ഞിട്ടില്ല എന്നത്‌ മൊഹാലിയില്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ഇത്‌ മൂന്നാംതവണയാണ്‌ ഇന്ത്യ ലോകകപ്പ്‌ ഫൈനലില്‍ എത്തുന്നത്‌. ഒരു തവണ കിരീടവും നേടി. ഏപ്രില്‍ രണ്ടിന്‌ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
ഇന്ത്യക്കുവേണ്ടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ പ്രകടനമാണ്‌ മികച്ച സ്കോര്‍ നല്‍കിയത്‌. നാലുതവണ അപകടങ്ങളില്‍ നിന്നും വഴുതിയ സച്ചിന്‍ 85 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. തന്റെ കരിയറിലെ നൂറാം സെഞ്ച്വറി തികയ്ക്കാന്‍ പക്ഷേ സച്ചിന്‌ കഴിഞ്ഞില്ല.
സച്ചിനെ കൈവിട്ടതിന്‌ പാക്കിസ്ഥാന്‍ കനത്ത വിലയാണ്‌ നല്‍കേണ്ടി വന്നത്‌. പുല്ലുകള്‍ക്ക്‌ തീപിടിച്ച മത്സരത്തില്‍ പാക്ക്‌ വെല്ലുവിളിക്ക്‌ ഇന്ത്യ പ്രവര്‍ത്തിയിലൂടെ ചുട്ട മറുപടി നല്‍കുകയായിരുന്നു. വന്‍ വിവിഐപികള്‍ കളികാണാനെത്തിയിരുന്നതിനാല്‍ അതീവസുരക്ഷയായിരുന്നു മൊഹാലിയില്‍ ഒരുക്കിയിരുന്നത്‌. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരും, സോണിയാഗാന്ധി, ചലച്ചിത്രതാരങ്ങള്‍ എന്നിവരെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ മത്സരം ക്രിക്കറ്റിനേക്കാളുപരി ഒരു നയതന്ത്ര നീക്കം കൂടിയാണ്‌ മൊഹാലിയില്‍ നടന്നത്‌.
ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും മികവിലാണ്‌ ഇന്ത്യ മത്സരം ജയിച്ചു കയറിയത്‌. ടീമിന്റെ ഒരുമിച്ചുള്ള പോരാട്ടമാണ്‌ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത്‌ 103 ന്‌ 3 എന്ന നിലയില്‍ നിന്നുമാണ്‌ പാക്കിസ്ഥാന്‍ വന്‍ തകര്‍ച്ച നേരിട്ടത്‌. മിസ്ബ (56) ഒറ്റയാനായി ഒരുവശത്ത്‌ പൊരുതി നിന്നു. അവസാനം മിസ്ബ കൂറ്റനടികള്‍ നടത്തിയെങ്കിലും അത്‌ പാക്കിസ്ഥാനെ ജയിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. ആരാധാകരുടെ കരഘോഷത്തിനിടയില്‍ അവസാന ഓവറില്‍ സഹീര്‍ഖാന്റെ പന്തില്‍ അതികായനായി നിന്ന മിസ്‌ ബ ഉള്‍ഹഖ്‌ വിരാട്കോഹ്ലിക്ക്‌ പിടി നല്‍കിയതോടെ പാക്കിസ്ഥാന്റെ മോഹങ്ങള്‍ അസ്തമിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം