മണ്ണാറശാല ആയില്യം: എഴുന്നെള്ളിപ്പ് 11ന്

November 10, 2017 ക്ഷേത്രവിശേഷങ്ങള്‍

ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഒരുങ്ങി ആലപ്പുഴ മണ്ണാറശാല നാഗരാജ ക്ഷേത്രം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഏറെ ദര്‍ശന പ്രാധാന്യം ഉള്ള ആയില്യം എഴുന്നെള്ളിപ്പ് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാകും ഇവിടേക്ക് ഒഴുകി എത്തുക.

കേരളത്തിലെ പ്രധാന നാഗരാജ ക്ഷേത്രമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയില്യം നാളായ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുഖ്യ ചടങ്ങായ ആയില്യം എഴുന്നെള്ളിപ്പ് നടക്കുക. ആയില്യം പൂജയ്ക്കായി നാഗ ദൈവ വിഗ്രഹങ്ങള്‍ ഇല്ലത്തെ നിലവറയിലേക്ക് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കൊണ്ട് പോകുന്ന ചടങ്ങാണ് ഇത്.

അമ്മ ഉമാദേവി അന്തര്‍ജനം നാഗ രാജാവിന്റെ തിരുമുഖവും നാഗഫണവും വഹിക്കും. ഇളയമ്മ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷി അമ്മയുടെയും, കാരണവരായ പരമേശ്വരന്‍ നമ്പൂതിരി നാഗ ചാമുണ്ടിയുടെയും നാരായണന്‍ നമ്പൂതിരി നാഗയക്ഷി അമ്മയുടെയും വിഗ്രഹം വഹിക്കും. തുടര്‍ന്ന് രാത്രി നടക്കുന്ന തട്ടിന്മേല്‍ നൂറും പാലോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമാകുക. ഇത്തവണയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിരയിരങ്ങള്‍ ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ശക്തമായ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ മുഖ്യ പൂജാരിണികള്‍ ആകുന്നു എന്ന പ്രത്യേകതയ്ക്കു ഒപ്പം പ്രകൃതിയോടു ഇണങ്ങിയ നില്‍ക്കുന്ന ക്ഷേത്രം കൂടി ആണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍