വി.എസ്സിന് പറയാന്‍ ഭരണനേട്ടങ്ങളില്ലെന്ന് എ.കെ.ആന്റണി

March 31, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പറയാന്‍ പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി. പറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് എത്ര അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-ആന്റണി ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ‘ജനവിധി 2011′ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്നപ്പോഴും അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ ശൈലിയാണ് സ്വീകരിച്ചത്. അഞ്ച് വര്‍ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ അദ്ദേഹം ഇതുതന്നെ ആവര്‍ത്തിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പല പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി കൊണ്ട് നഷ്ടമായി. സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം വൈകിയത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണ്-ആന്റണി പറഞ്ഞു. ഭരണവീഴ്ചയ്ക്ക് മറ്റുള്ളവരുടെമേല്‍ പഴിചാരുകയാണ് അച്യുതാനന്ദന്‍ ചെയ്യുന്നത്. അഞ്ച് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി പറഞ്ഞുനടക്കുകയായിരുന്നു അദ്ദേഹം-ആന്റണി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം