തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

November 14, 2017 കേരളം

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി പറഞ്ഞു.

ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി ആര്‍ത്തിച്ച് ചോദിച്ചു. മന്ത്രി സര്‍ക്കാരിന്റെ ഭാഗമാണ്. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി.

സര്‍ക്കാര്‍ തോമസ് ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. മന്ത്രിയുടെ ഹര്‍ജി അപക്വമായി പോയെന്ന സ്റ്റേറ്റ് അറ്റോര്‍ണിയുടെ വാക്കുകള്‍ക്ക് പിന്നാലെ സര്‍ക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമര്‍ശം ഹൈക്കോടതി നടത്തി. രാവിലെ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ ഒരു മന്ത്രിക്കു  മന്ത്രിസഭാ തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് സംശയം ഉയര്‍ത്തിയ കോടതി ഇതു ഭരണഘടനാ ലംഘനമല്ലേയെന്ന് ചോദിച്ചു. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണെന്നും കോടതി നിരീക്ഷിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം