ശബരിമല തീര്‍ത്ഥാടനം: വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്ത വെളളവും വിതരണം ചെയ്യും

November 17, 2017 കേരളം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജലവിഭവ വകുപ്പിന്റെ കീഴിലുളള കേരള വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്തവെളളവും സാധാരണ വെളളവും വിതരണം ചെയ്യുന്നതിന് 250 എല്‍.പി.എച്ച് ശേഷിയുളള 12 ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ പമ്പ മുതല്‍ സന്നിധാനം വരെ 12 സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഡിസ്‌പെന്‍സറുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് നിര്‍വഹിച്ചു.

ത്രിവേണി സ്റ്റോര്‍, ത്രിവേണി പോലീസ് ക്യാമ്പ്, കെ.ഡബ്ല്യു.എ പമ്പ ഐ.ബി, നീലിമല ബോട്ടം പമ്പ് ഹൗസ്, നീലിമല ടോപ്പ് പമ്പ് ഹൗസിനു സമീപം, അപ്പാച്ചിമേട്, മരക്കൂട്ടം ആര്‍.ഒ. പ്ലാന്റിനു സമീപം, മരക്കൂട്ടം നടപ്പന്തല്‍, ശരംകുത്തി, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്റര്‍ , നീലിമല കാര്‍ഡിയാക് സെന്റര്‍, സന്നിധാനം വാട്ടര്‍ അതോറിറ്റി ഐ.ബി എന്നിവിടങ്ങളിലാണ് ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ചിട്ടുളളത്.

ഉത്സവക്കാലത്ത് ശുദ്ധജലമെത്തിക്കാന്‍ ജല അതോറിറ്റി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ചെയ്തിട്ടുളളത്. പമ്പയിലും പരിസര പ്രദേശത്തും പ്രതിദിനം 60 ലക്ഷം ലിറ്റര്‍ ശുദ്ധജലവും ശബരിമലയിലും പമ്പ മുതല്‍ സന്നിധാനം വരെയുളള കാനനപാതയില്‍ പ്രതിദിനം 70 ലക്ഷം ലിറ്റര്‍ ശുദ്ധജലവും വിതരണം ചെയ്യാനുളള സംവിധാനങ്ങളും സജ്ജമാക്കി.
ഹൈക്കോടതി ശബരിമലയില്‍ കുപ്പിവെളളം നിരോധിച്ചതിനെതുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും പത്തനംതിട്ട ജില്ലയില്‍ മിഷന്‍ ഗ്രീന്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായിട്ടാണ് പമ്പയില്‍ ജല അതോറിറ്റി റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ സ്ഥാപിച്ച് കിയോസ്‌കുകളിലൂടെ ശുദ്ധജലം വിതരണം നടത്തിവരുന്നത്.
പമ്പ മണപ്പുറം ഉള്‍പ്പെടെ വിവിധ സ്ഥാലങ്ങളില്‍ 120 കിയോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ എണ്ണം ആവശ്യമെങ്കില്‍ സ്ഥാപിക്കും.

സമാന്തരപാതയായ സ്വാമി അയ്യപ്പന്‍ റോഡില്‍ ചരല്‍മേട് ഭാഗം വരെ ശുദ്ധജല വിതരണക്കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉത്സവകാലങ്ങളില്‍ ചാലക്കയം, നിലയ്ക്കല്‍, പ്ലാപ്പളളി ളാഹ, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും, പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിക്കും. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ദേവസ്വം ബോര്‍ഡ്, പോലീസ് ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുടെ ടാങ്കുകളില്‍ പമ്പയില്‍ നിന്നും ശുദ്ധജലം ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്നുണ്ട്.
കുന്നാറില്‍ നിന്നുളള രണ്ടു ദശലക്ഷം ലിറ്റര്‍ വെളളവും പമ്പയില്‍ നിന്നും ജല അതോറിറ്റി നാലു ഘട്ടങ്ങളിലായി പമ്പുചെയ്ത് ശരംകുത്തിയിലെത്തിക്കുന്ന ഏഴ് ദശലക്ഷം ലിറ്റര്‍ വെളളവുമാണ് സന്നിധാനത്ത് വിതരണം ചെയ്യുന്നത്. ശരംകുത്തി മുതല്‍ സന്നിധാനം വരെയും പാണ്ടിത്താവളത്തും വാട്ടര്‍ അതോറിറ്റി ദേവസ്വം ബോര്‍ഡിന് ബള്‍ക്ക് സപ്ലൈയായി ശുദ്ധജലം നല്‍കുന്നുണ്ട്.

ജലത്തിന്റെ ഗുണനിലവാരം ഓരോ മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കാന്‍ പമ്പയില്‍ ലബോറട്ടറിയും ജലവിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ അസി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാണ്. പ്രധാന ഇടത്താവളങ്ങളായ പന്തളം, വടശ്ശേരിക്കര, റാന്നി, പെരുനാട് എന്നിവിടങ്ങളിലെ ജലവിതരണം നിലവിലുളള പദ്ധതികളില്‍ നിന്നും മുടക്കം കൂടാതെ നടത്തുവാനുളള നടപടികളും കൈകൊണ്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം