ഉള്ളൂര്‍ കാലത്തെ അതിജീവിച്ച കവി: മന്ത്രി ജി. സുധാകരന്‍

November 17, 2017 കേരളം

തിരുവനന്തപുരം: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കാലത്തെ അതിജീവിച്ച കവിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഡോ. സി. ഉണ്ണികൃഷ്ണന്‍ രചിച്ച മഹാകവി ഉള്ളൂര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വ്യക്തിത്വം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉള്ളൂരിന്റെ പ്രേമസംഗീതം ഇന്നും ഏറെ പ്രസക്തമായ കവിതയാണ്. മഹാകവിയെ മനസിലാക്കാന്‍ പുതിയ തലമുറയ്ക്ക് താത്പര്യമുണ്ട്. ഉള്ളൂരിനെക്കുറിച്ച് പുനര്‍പഠനം നടത്തേണ്ട കാലമായി. ഉള്ളൂരിനെ പോലെ പാര്‍ശ്വവത്കരിക്കപ്പെട്ട നിരവധി കവികള്‍ കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധസ്ഥിതര്‍ക്കായി വാദിച്ച വ്യക്തിയാണെങ്കിലും അധസ്ഥിതരുടെ പ്രസ്ഥാനങ്ങളും ഉള്ളൂരിനെ വേണ്ടവിധം പരിഗണിച്ചില്ല. വിശാലമായി ലോകത്തെ കാണുന്ന സമൂഹമാണിന്നുള്ളത്. ആ സമൂഹത്തിലേക്കാണ് ഈ പുസ്തകം വരുന്നത്. ജാതിയില്ലാ സമൂഹമാണ് നമുക്ക് ആവശ്യം. ഭൂരിപക്ഷം മലയാളികളും, പ്രത്യേകിച്ച് യുവാക്കള്‍ ജാതിവാദികളല്ല. കാഴ്ചപ്പാടിലാണ് ഇന്ന് യാഥാസ്ഥിതികതയുള്ളത്. മാനവികതയും സമുദായ സൗഹാര്‍ദ്ദവുമാണ് നാടിന് ആവശ്യമെന്ന് മന്ത്രി പറഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി. എന്‍. മുരളി പുസ്തകം സ്വീകരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍. പവിത്രന്‍ പുസ്തക പരിചയം നടത്തി. വിനോദ് വൈശാഖി, എം. ഹരികുമാര്‍, കെ. ആര്‍. സരിതകുമാരി എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം