ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

November 19, 2017 ദേശീയം

mis-world-6സാന്യ: ഈ വര്‍ഷത്തെ ലോക സുന്ദരി പട്ടം ഇന്ത്യക്ക്. ഹരിയാന സ്വദേശി മാനുഷി ഛില്ലറാണ് സുന്ദരി പട്ടത്തിന് അര്‍ഹത നേടിയത്. ലോക സുന്ദരിയാവുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. ചൈനയിലെ സാന്‍യ സിറ്റിയില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 സുന്ദരികളെ പിന്തള്ളിയാണ് ഹരിയാനയുടെ മാനുഷി ഛില്ലര്‍ ലോക സുന്ദരി പട്ടം ചൂടിയത്. കഴിഞ്ഞ വര്‍ഷം ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട പ്യൂട്ടോറിക്കന്‍ സുന്ദരി സ്റ്റെഫാനി ഡെല്‍വാലെ മാനുഷിയെ സുന്ദരിപട്ടം അണിയച്ചപ്പോള്‍ ഇന്ത്യക്കിത് അഭിമാന നിമിഷമായി. ലോക സുന്ദരി പട്ടം ഇന്ത്യയിലേക്കെത്താനായി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
ലോകത്തിലെ ഏത് തൊഴിലാണ് ഏറ്റവും കൂടുതല്‍ ശമ്പളം അര്‍ഹിക്കുന്നതെന്നും അത് എന്തുകൊണ്ടെന്നും എന്ന ചോദ്യത്തിന് മാനുഷി നല്‍കിയ ഉത്തരമാണ് വിധികര്‍ത്താക്കളില്‍ മതിപ്പുളവാക്കിയത് . ലോക സുന്ദരി മത്സരത്തിലെ ഹെഡ് ടു ഹെഡ് ചാലഞ്ചും സൗന്ദര്യ വിഭാഗത്തിലും മാനുഷി തന്നയായിരുന്നു വിജയി.

മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മിസ്സ ഫസ്റ്റ് റെണ്ണറപ്പ്. ഇംഗ്ലണ്ടിന്റെ സ്റ്റെഫാനി ഹില്‍ സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനവും നേടി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനുഷി 30 സുന്ദരികളെ പിന്തള്ളിയാണ് മിസ് ഇന്ത്യ പട്ടം ചൂടിയത്.

1966ല്‍ റീത്ത ഫാരിയയിലൂടെയാണ് ഇന്ത്യക്ക് ആദ്യമായി ലോക സുന്ദരി പട്ടം ലഭിക്കുന്നത്. ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് നേട്ടം കരസ്ഥമാക്കിയ മറ്റ് ഇന്ത്യന്‍ സുന്ദരികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം