അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പട്ടിക റദ്ദാക്കി

November 21, 2017 കേരളം

തിരുവനന്തപുരം: പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ റദ്ദാക്കി. വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസറായ പൊന്നാനി നഗരസഭാ സെക്രട്ടറി പട്ടികയില്‍ സമ്മതിദായകരുടെ പേര് ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

കരട് വോട്ടര്‍പട്ടികയിന്മേല്‍ ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിച്ചവര്‍ക്കും ആക്ഷേപം ഉന്നയിക്കപ്പെട്ടവര്‍ക്കും വീണ്ടും നോട്ടീസ് നല്‍കിയും ആവശ്യമായ അന്വേഷണം നടത്തിയും വാദം കേട്ടും പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക 2017 ഡിസംബര്‍ 12ന് പ്രസിദ്ധീകരിക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് മേല്‍ മേല്‍നോട്ടം വഹിക്കാനും നടപടി റിപ്പോര്‍ട്ടു ചെയ്യാനും മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും കമ്മീഷണര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം