വൈറ്റില മേല്‍പ്പാലം നിര്‍മാണം: ഗതാഗത ക്രമീകരണത്തിന് പ്രാഥമികരൂപമായി

November 21, 2017 കേരളം

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയില്‍ മേല്‍പ്പാലം നിര്‍മാണത്തിന് മുന്നോടിയായി ഗതാഗത ക്രമീകരണത്തിന് പൊലീസും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് പ്രാഥമിക രൂപം നല്‍കി. പാലം നിര്‍മാണം പുരോഗമിക്കുന്നതനുസരിച്ച് ഘട്ടം ഘട്ടമായി ഗതാഗതം ക്രമീകരിക്കാനാണ് തീരുമാനം. അപ്രോച്ച് റോഡുകള്‍ കഴിയുന്നത്ര പ്രയോജനപ്പെടുത്തിയും ക്രോസിങുകള്‍ ഒഴിവാക്കിയും ഗതാഗതം സുഗമമാക്കും. ഗതാഗത ക്രമീകരണം നടപ്പില്‍ വരുത്തുന്നതിന് മുമ്പ് ഇതു സംബന്ധിച്ച അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നിര്‍മാണം ആരംഭിക്കുന്ന 25 മുതല്‍ കണ്ടെയ്‌നര്‍ ലോറികള്‍ വഴി തിരിച്ചു വിടും. പറവൂര്‍, ആലുവ, തൃശൂര്‍ ഭാഗത്തു നിന്നും വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലെത്തി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിച്ച് കാക്കനാട്, ഇരുമ്പനം, തൃപ്പൂണിത്തുറ, പേട്ട, കുണ്ടന്നൂര്‍ വഴി ആലപ്പുഴ, വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഭാഗത്തേക്ക് പോകണം. ആലപ്പുഴ, വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഭാഗതേ#്തു നിന്നും പറവൂര്‍, ആലുവ, തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ട കണ്ടെയ്‌നര്‍ ലോറികള്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും പേട്ട ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് തൃപ്പൂണിത്തുറ, ഇരുമ്പനം വഴി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിക്കണം.

സഹോദരന്‍ അയ്യപ്പന്‍ റോഡ് വൈറ്റില ജംഗ്ഷനിലെത്തുന്നതിന് തൊട്ടു മുമ്പുള്ള ഭാഗത്ത് മൂന്നു മീറ്റര്‍ വീതി ഉറപ്പാക്കും. സിഗ്‌നല്‍ ക്യാബിന് വടക്കുവശത്തും റോഡ് വീതി കൂട്ടി ടാര്‍ ചെയ്യും. ഇവിടെ സുഗമമായ ഫ്രീലെഫ്റ്റ് ഉറപ്പാക്കാനും നടപടി സ്വീകരിക്കും. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്കും അരൂര്‍, ആലപ്പുഴ ഭാഗത്തേക്കും ദേശീയപാത ക്രോസിങ് ഉണ്ടാകില്ല. ഇവിടേക്കുള്ള വാഹനങ്ങള്‍ ഓള്‍ഡ് തമ്മനം റോഡിലൂടെ പുന്നുരുന്നി ടെമ്പിള്‍ ജംഗ്ഷന്‍, എന്‍.എച്ച് അണ്ടര്‍ പാസ് വഴി വലത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡിലൂടെ പോകണം. ഓള്‍ഡ് തമ്മനം റോഡില്‍ പാര്‍ക്കിങ് നിരോധിക്കും. ഓള്‍ഡ് തമ്മനം റോഡില്‍ നിന്നും വൈറ്റില തമ്മനം സിഗ്‌നല്‍ ജംഗ്ഷനിലേക്ക് വാഹനങ്ങളുടെ പ്രവേശനം അനുവദിക്കില്ല. തമ്മനം പാലത്തില്‍ നിന്നും വൈറ്റില ഭാഗത്തേക്ക് ഇറങ്ങി വരുന്ന വാഹനങ്ങള്‍ എന്‍.എച്ച് അണ്ടര്‍ പാസ് വഴി പോകണം.

വൈറ്റില ജംഗ്ഷനില്‍ നിന്നും റെയില്‍വെ മേല്‍പ്പാലത്തിലേക്ക് പോകുന്ന ഭാഗത്ത് ബസ് സ്റ്റോപ്പുകളും സൈഡ് മീഡിയനുകളും പൊളിച്ച് റോഡ് ടാര്‍ ചെയ്യാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കും. തമ്മനം പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ വലത്തേക്ക് തിരിയാന്‍ അനുവദിക്കില്ല. ഇവ സിഗ്‌നല്‍ ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം. അണ്ടര്‍പാസിലേക്കുള്ള സര്‍വീസ് റോഡുകളില്‍ വണ്‍വെ ഏര്‍പ്പെടുത്തും.

തൃപ്പൂണിത്തുറ ഭാഗത്തു നിന്നും വൈറ്റില ജംഗ്ഷനിലേക്ക് വരുന്ന എല്ലാ ചെറുവാഹനങ്ങളും പവര്‍ഹൗസിന് മുന്നില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാതയില്‍ പ്രവേശിക്കണം. ചെറുവാഹനങ്ങള്‍ക്ക് വൈറ്റില ജംഗ്ഷനിലേക്ക് നേരിട്ട് പ്രവേശനമുണ്ടാകില്ല. പവര്‍ഹൗസ് ഭാഗത്തു നിന്നും ഇടപ്പള്ളിയിലേക്കും നഗരത്തിലേക്കും വരുന്ന ചെറുവാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാതയില്‍ പ്രവേശിച്ച് തൈക്കൂടത്ത് യു ടേണ്‍ എടുത്ത് വൈറ്റില ജംഗ്ഷനിലേക്ക് പോകണം. ഇവിടെ വലത്തേക്ക് തിരിയാന്‍ അനുവദിക്കില്ല. വാഹനങ്ങള്‍ അടുത്ത റോഡ് കട്ടിങ് പ്രയോജനപ്പെടുത്തണം.

ദേശീയപാതയില്‍ നിന്നും മൊബിലിറ്റി ഹബ്ബിലേക്ക് റോഡ് തുടങ്ങുന്ന ഭാഗത്ത് മെട്രോയുടെ തൂണ്‍ വരുന്നതിനാല്‍ ഇരുവശവും വീതി കൂട്ടി ടാര്‍ ചെയ്യണമെന്ന നിര്‍ദേശം പൊലീസ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇവിടെ ബസുകള്‍ തിരിയാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഹബ്ബിന്റെ പുറത്തേക്കുള്ള റോഡ് വീതി കൂട്ടി വാഹനപ്രവേശനത്തിന് ഉപയുക്തമാക്കണം. മേല്‍പ്പാലം നിര്‍മാണത്തിനൊപ്പം ഈ ഭാഗത്ത് മെട്രോയുടെ നിര്‍മാണവും പൂര്‍ത്തീകരിക്കാനാണ് ഡി.എം.ആര്‍.സി ഉദ്ദേശിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം