ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്: വിദേശത്തേക്ക് പോകാന്‍ അനുമതി

November 22, 2017 കേരളം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി നാല് ദിവസത്തെ സമയം അനുവദിച്ചു. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ദേ പുട്ട് ഹോട്ടല്‍ ശ്യംഖലയുടെ ദുബായിലെ ശാഖ ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടിയത്.

വിദേശത്തേക്ക് പോകുമ്പോള്‍ അവിടുത്തെ വിലാസം അറിയിക്കണമെന്ന നിബന്ധനയോടെയാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിച്ചുവെന്നും വിദേശത്തേക്ക് പോകുന്നത് വീണ്ടും സ്വാധീനിക്കാന്‍ ഇടയാകുമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം ദിലീപിന്റെ അഭിഭാഷകന്‍ പൂര്‍ണമായും നിഷേധിച്ചു. ദിലീപ് ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

ദിലീപിന്റെ ഭാര്യയായ കാവ്യാ മാധാവന്റെ ഡ്രൈവറും കൊച്ചിയിലെ ഒരു അഭിഭാഷകനും ചേര്‍ന്ന് കേസിലെ മൂന്ന് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത്തരത്തില്‍ പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കില്‍ പ്രോസിക്യൂഷന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം