സ്ത്രീ സുരക്ഷിത പദ്ധതിക്കായി നഗരങ്ങളൊരുങ്ങുന്നു

November 23, 2017 ദേശീയം

ന്യൂഡല്‍ഹി : രാജ്യത്തെ എട്ട് നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി സമഗ്ര സുരക്ഷാ നഗര പദ്ധതി ആരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടിയന്തര ഘട്ടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പുതിയ പദ്ധതി.

തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ബംഗളുരു, ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബാ പറഞ്ഞു.

അടിയന്തിര ഘട്ടങ്ങളില്‍ അതിവേഗം സഹായം ലഭ്യമാക്കുക, പൊലീസിന്റെ മേല്‍നോട്ടത്തില്‍ ഗതാഗതസംവിധാനം ഒരുക്കുക തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി പ്രാഥമികമായി ഒരുക്കുക.

കൂടാതെ പോലീസില്‍ സ്ത്രീകള്‍ക്ക് 33% സംവരണം, സിസിടിവി കാമറകള്‍ സ്ഥാപിക്കല്‍, പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളെ വിന്യസിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക, പശ്ചാത്തല പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്താന്‍ പദ്ധതിയുണ്ട്.

നിലവില്‍ ഈ നഗരങ്ങളില്‍ സ്ത്രീ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്തു.

ഡല്‍ഹി പോലീസിന്റെ ഹിമാത് ആപ്ലിക്കേഷന്‍, വനിതാ പെട്രോളിംഗ് വാന്‍, ഷിഷ്തചാര്‍ പ്രോഗ്രാം ,ഹൈദരാബാദ് പൊലീസിന്റെ ഹൗസ്‌കി മൊബൈല്‍ ആപ്ലിക്കേഷന്‍, ഭാരോസ പ്രോഗ്രാമുകള്‍,ഉത്തര്‍പ്രദേശ് പൊലീസിന്റെ പവ്വര്‍ ഏഞ്ജ്ല്‍സ്, ബംഗലുരു പോലീസിന്റെ സുരക്ഷ എന്നിവ ഇതില്‍ ഉള്‍പ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം