നടിയെ ആക്രമിച്ച കേസില്‍ അതിവേഗ വിചാരണ ആവശ്യമെന്ന് അന്വേഷണ സംഘം

November 23, 2017 കേരളം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിവേഗ വിചാരണ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിക്കും. ഇതിനായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പോലീസ് ഉന്നയിക്കും. ദിലീപ് പോലൊരു പ്രബലന്‍ പ്രതി പട്ടികയില്‍ ഉള്ളപ്പോള്‍ വിചാരണ ദീര്‍ഘകാലം നീണ്ടുപോകുന്നത് കേസിന് ഗുണകരമാകില്ലെന്ന് നിലപാടിലാണ് അന്വേഷണ സംഘം.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നാല്‍ ദീര്‍ഘകാലം കേസിന്റെ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. ഇത് ഒഴിവാക്കാനാണ് അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിക്കുന്നത്.

സിനിമാ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ദിലീപിനെതിരേ മൊഴി നല്‍കിയവര്‍ പിന്നീട് കൂറുമാറുന്നത് ഒഴിവാക്കാനാണ് പോലീസ് നീക്കം. കുറ്റപത്രത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള 50 ഓളം പേരെയും അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വാധീനമുള്ള ദിലീപിന് അനുകൂലമായി സിനിമക്കാര്‍ പിന്നീട് മൊഴി മാറ്റുമോ എന്ന ഭയം അന്വേഷണ സംഘത്തിനുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം