വി.എസിന്റേത് പ്രതികാര രാഷ്ട്രീയം: എ.കെ.ആന്റണി

April 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: വി.എസ് അച്യുതാനന്ദന്‍ വെട്ടിനിരത്തലിന്റെ ആളാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. വീ.എസിന്റേത് പ്രതികാര രാ‍ഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.  എറണാകുളം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. എല്‍.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക്‌ ജനങ്ങള്‍ തിരിച്ചടി നല്‍കും. പഴയകാലത്തിന്റെ തടവറയിലിരുന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്‌ മുഖ്യമന്ത്രിയും ഇടതു നേതാക്കളും ചെയ്യുന്നത്‌.
ചൈനയും വിയറ്റ്‌നാമും പോലും ഉപേക്ഷിച്ച നയങ്ങളാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഇപ്പോഴും പിന്തുടരുന്നതെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയായിട്ടും പ്രതിപക്ഷ നേതാവിന്റെ ഭാഷയാണ്‌ വി.എസിന്‌ ഇപ്പോഴും. കേന്ദ്രവിരുദ്ധ പ്രചരണങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിലപ്പോവില്ല.
സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ച കേരളത്തില്‍ സര്‍വനാശം വിതയ്ക്കുമെന്നും ആന്റണി പറഞ്ഞു. കേരളത്തെ മറ്റൊരു ബംഗാളാക്കി മാറ്റാനാണ്‌ സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖഛായ മാറ്റിയ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും ആന്റണി അവകാശപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം