ജപ്പാനില്‍ വീണ്ടും ഭൂചലനം; രണ്ട് മരണം

April 8, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ഭൂകമ്പവും സുനാമിയും വന്‍ നാശം വിതച്ച ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ തീവ്രത 7.4 രേഖപ്പെടുത്തിയ ചലനത്തില്‍ രണ്ടു പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.
ജപ്പാന്റെ കിഴക്കന്‍ തീരമായ ഹോണ്‍ഷുവിന്‌ സമീപം കടലിലാണ്‌ ഭൂകമ്പം ഉണ്ടായത്‌. ഭൂകമ്പത്തെ തുടര്‍ന്ന്‌ വടക്കുകിഴക്കന്‍ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കടല്‍ത്തിരകള്‍ രണ്ടു മീറ്റര്‍വരെ ഉയരാമെന്നും തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക്‌ മാറണമെന്നും ജാപ്പനീസ്‌ ടെലിവിഷന്‍ മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ ഭൂകമ്പത്തില്‍ തകര്‍ന്ന ഫുക്കുഷിമ ആണവ നിലയത്തില്‍നിന്ന്‌ 118 കിലോമീറ്റര്‍ വടക്കായി തീരത്തുനിന്ന്‌ 40 കിലോമീറ്റര്‍ അകലെയാണ്‌ ഭൂകമ്പം ഉണ്ടായത്‌. എങ്കിലും ആണവ കേന്ദ്രത്തിന്‌ ഭീഷണിയില്ലെന്ന്‌ റിയാക്ടറുകളുടെ ഉടമസ്ഥരായ ടോക്യോ ഇലക്‌ട്രിക്‌ പവര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഫുകുഷിമ ആണവനിലയത്തിലെ തകരാര്‍ പരിഹരിക്കുന്നതില്‍ വ്യാപൃതരായ ജീവനക്കാരെ വ്യാഴാഴ്ച സുനാമിമുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു. ഭൂകമ്പത്തില്‍ സെന്‍ഡായ് മേഖലയിലെ വൈദ്യുതിവിതരണം താറുമാറായതാണ് റിപ്പോര്‍ട്ട്.
മെക്‌സിക്കോയിലും വ്യാഴാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിയോടെയായിരുന്നു ഇത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍