ചുഴലിക്കാറ്റ്: ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം

December 2, 2017 ദേശീയം

കല്‍പേനി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ്ചുഴലിക്കാറ്റ് വീശിയത്. ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകേണ്ടിയിരുന്ന കപ്പല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കി. ഇതേത്തുടര്‍ന്ന് 102 പേരാണ്  ബേപ്പൂരില്‍ കുടുങ്ങിയത്.

ലക്ഷദ്വീപിലെത്തിയപ്പോള്‍ ‘അതിതീവ്ര’ വിഭാഗത്തിലേക്കു മാറിയ  ചുഴലിക്കാറ്റ് കല്‍പേനി, മിനിക്കോയ് വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകര്‍ത്തു. കല്‍പേനി ഹെലിപാഡ് മുങ്ങി. കൊച്ചിയില്‍നിന്നുള്ള 12 ബോട്ടുകള്‍ കല്‍പേനിയില്‍ സുരക്ഷിതരായി എത്തിയതായും റിപ്പോര്‍ട്ടുണ്ട്.

മിനിക്കോയ് ലൈറ്റ്ഹൗസിന്റെ ജനല്‍ പൊട്ടി. ഇവിടുത്തെ ജീവനക്കാര്‍ ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. മിനിക്കോയില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം