ബസുകള്‍ കൂട്ടിയിടിച്ചു മൂന്ന് മരണം

December 5, 2017 ദേശീയം

കാസര്‍ഗോഡ്: കാസര്‍ഗോഡു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശിനിയടക്കം മൂന്നു പേര്‍ മരിച്ചു. ചെങ്കള പഞ്ചായത്ത് അംഗം അബ്ദുള്‍ സലാം പാണലത്തിന്റെ മകള്‍ ഫാത്തിമത്ത് സമീറ (25) ആണ് മരിച്ച മലയാളി.

ഇന്നു പുലര്‍ച്ചെ മൂന്നോടെ കര്‍ണാടക സഹലാപുരത്തിനും ഹാസനും ഇടയില്‍ ആലൂരിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് ഫാത്തിമത്ത് സമീറയും പിതാവ് അബ്ദുള്‍ സലാമും കാസര്‍ഗോഡു നിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കയറിയത്. ബസ് ആലൂരിലെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ദുര്‍ഗാന്പ സ്ലീപ്പര്‍ കോച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സമീറ തല്‍ക്ഷണം മരിച്ചു.

പിതാവ് അബ്ദുള്‍ സലാം ഉള്‍പെടെ 25 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ അബ്ദുള്‍ സലാം അടക്കം ആറു പേരുടെ പരിക്ക് ഗുരുതരമാണ്. അബ്ദുല്‍ സലാമിനു പുറമെ മംഗളൂരു കദ്രിയിലെ വിദ്യ, പുത്തൂര്‍ കട്ടക്കലിലെ രവികുമാര്‍ (33), കദ്രിയിലെ സതീശ് കാമത്ത് (60), അത്താവര്‍ സ്വദേശി സനല്‍ (25), സോമപേട്ടയിലെ നവീന്‍ പ്രകാശ് (33), മല്ലേശ്വരത്തെ നാരായണന്‍ (40) എന്നിവരെ ഹാസനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം