കലോത്സവങ്ങള്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും മത്സരമായി മാറരുത്: മന്ത്രി മാത്യു ടി തോമസ്

December 5, 2017 കേരളം

പത്തനംതിട്ട: കലോത്സവങ്ങള്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും മത്സരമായി മാറരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പത്തനംതിട്ട റവന്യു ജില്ല സ്‌കൂള്‍ കലോത്സവം തിരുമൂലപുരം എസ്എന്‍വിഎസ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോത്സവത്തിലെ മത്സരങ്ങള്‍ കഴിവുകള്‍ പ്രകടിപ്പിച്ച് അതു വളര്‍ത്താന്‍ വേണ്ടിയുള്ള ലക്ഷ്യത്തോടു കൂടിയായിരിക്കണം. കലോത്സവങ്ങളിലൊക്കെയുണ്ടാകുന്ന ഒരു അപകടം മത്സരങ്ങള്‍ പലപ്പോഴും അനാരോഗ്യകരമായ പ്രവണതകളിലേക്ക് നീങ്ങുന്നുവെന്നുള്ളതാണ്. എത്ര ചെലവാക്കിയാലും നഷ്ടപ്പെട്ടു പോകാത്ത ഒന്നാണ് മനുഷ്യന്റെ കഴിവ്. മനുഷ്യനിലുള്ള കഴിവുകള്‍ പ്രദര്‍ശിക്കുമ്പോള്‍ കൂടിക്കൊണ്ടേയിരിക്കും. പ്രത്യേക സിദ്ധിയാണിത്. കഴിവുകള്‍ മെച്ചപ്പെട്ട രൂപത്തില്‍ അവതരിപ്പിക്കാന്‍ തികഞ്ഞ ഏകാഗ്രതയോടു കൂടി സമര്‍പ്പിതമായി കര്‍ത്തവ്യം നിറവേറ്റാനുള്ള അവസരമായി കലോത്സവത്തെ കാണണം. ഏറ്റവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടു കൂടി കലാപരിപാടികള്‍ അവതരിപ്പിക്കണം.

വിദ്യാഭ്യാസ ക്രമം പഠനം കൊണ്ടു മാത്രം പൂര്‍ത്തിയാകുന്ന ഒന്നല്ല. പഠനം അതിന്റെ അവിഭാജ്യഘടകമാണ്. നേരത്തേ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്ന അറിവുകള്‍ ഹൃദിസ്ഥമാക്കുകയും പുതിയ അറിവ് നേടാനുള്ള താല്‍പര്യം അങ്കുരിപ്പിക്കുകയും ചെയ്യുകയാണ് പഠനത്തിലൂടെ സാധ്യമാകുന്നത്. ഇന്നു കണ്ടു പിടിച്ചതും രേഖപ്പെടുത്തി കഴിഞ്ഞതുമായ അറിവ് മസ്തിഷ്‌കത്തിലേക്ക് പകര്‍ത്തുകയെന്നതില്‍ അവസാനിക്കുകയല്ല. ഗവേഷണം ഉപരിപഠന കാലഘട്ടത്തിലാണ് നടക്കുന്നതെങ്കിലും അറിവിനു വേണ്ടിയുള്ള അന്വേഷണം നടത്താന്‍ വേണ്ടിയുള്ള ത്വര വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഉണ്ടാകണം. അറിവ് മാത്രമല്ല, എല്ലാവരിലുമുള്ള കഴിവുകള്‍ വളര്‍ത്താനുള്ള വേദി കൂടിയാണ് വിദ്യാഭ്യാസ കാലഘട്ടം. കഴിവില്ലാത്തവരായി ആരുമില്ല. കഴിവുകള്‍ വ്യത്യസ്ഥമായിരിക്കും. അതു വളര്‍ത്തി പരമാവധി പ്രയോജനപ്പെടുത്തുകയും ഒപ്പം എല്ലാം സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ മനസിനെ പാകപ്പെടുത്തുകയും വിദ്യാഭ്യാസ ലക്ഷ്യം പൂര്‍ണമായി നേടുന്നതിന് പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയ സ്‌കൂള്‍ കായികമേള ജേതാവ് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ അനന്തു വിജയനെ മന്ത്രി ആദരിച്ചു.

കേരളത്തിലെ കലോത്സവങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആന്റോ ആന്റണി എംപി പറഞ്ഞു. ആയിരക്കണക്കിന് കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി ഇനങ്ങളില്‍ സുതാര്യമായാണ് മത്സരങ്ങള്‍ കലോത്സവങ്ങളില്‍ നടത്തുന്നത്. ലോകത്ത് ഒരിടത്തും ഇങ്ങനെ നടക്കുന്നില്ല. കലോത്സവങ്ങളിലൂടെ നിരവധി കലാപ്രതിഭകളെ സമൂഹത്തിന് സമ്മാനിക്കാനായിട്ടുണ്ടെന്നും എംപി പറഞ്ഞു. റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ രൂപകല്‍പ്പന ചെയ്ത പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥി എം. അമീറിനെ എംപി ആദരിച്ചു.

കല ആസ്വദിക്കാനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനല്ലെന്ന് കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച സിനിമാ സംവിധായകന്‍ ബാബു തിരുവല്ല പറഞ്ഞു. കലാസ്വാദകനായാല്‍ വിഷമങ്ങളെ മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം