അയോധ്യ കേസ്: സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

December 5, 2017 ദേശീയം

supremeന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി കേസ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പരിഗണിക്കരുതെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് അടുത്തവര്‍ഷം ഫെബ്രുവരി 8 ലേക്ക് മാറ്റിയിട്ടുണ്ട്. കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിനു വിടണമെന്ന ആവശ്യവും കോടതി തള്ളി. കേസ് നീട്ടികൊണ്ട് പോകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും സുപ്രീം കോടതിയില്‍ അറിയിച്ചു.

കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് അന്തിമ വാദം കേള്‍ക്കാന്‍ തുടങ്ങിയതു മുതല്‍ കേസ് നീട്ടികൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള വാദങ്ങളാണ് സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ നടത്തിയത്. രാജ്യത്തിന്റെ ഭാവിരാഷ്ട്രീയം നിശ്ചയിക്കുന്ന കേസ് മൂന്നംഗ ബഞ്ച് പരിഗണിച്ചാല്‍ പോര ഏഴംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കണം, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പേ കേസില്‍ വാദം കേള്‍ക്കരുത് തുടങ്ങിയവയായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍.

എന്നാല്‍ മറ്റ് ഏതൊരു കേസിനെ പോലെ കോടതിയുടെ സ്വാഭാവിക നടപടി ക്രമങ്ങള്‍ക്കനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടതെന്നും അത് കോടതിയുടെ അധികാരത്തില്‍ നിക്ഷിപ്തമാണെന്നും രാമജന്മഭൂമി ട്രസ്റ്റിനു വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ മറുപടി നല്‍കി. കേസ് നീട്ടികൊണ്ടു പോകേണ്ടതില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തു. ഇതോടെ സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം തള്ളിയ കോടതി 2018 ഫെബ്രുവരി 8ന് വീണ്ടും പരിഗണിക്കുമെന്ന് ഉത്തരവിട്ടു.

അതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന 2018 ഒക്ടോബറിന് മുന്‍പ് കേസിലെ വാദം പൂര്‍ത്തിയാകില്ലെന്ന് മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചത് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അയോധ്യ വിഷയവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് കോടതിയെ അറിയിച്ചു. ജനുവരി എട്ടിനു മുന്‍പ് എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം