കേരള നടനം കലയുടെ ജനായത്ത പ്രക്രിയയില്‍ രൂപപ്പെട്ട കലാരൂപം: പ്രഭാവര്‍മ

December 6, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: കലയുടെ ജനായത്ത പ്രക്രിയയില്‍ രൂപപ്പെട്ടുവന്ന കലാരൂപമാണ് കേരള നടനം എന്ന് കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസറുമായ പ്രഭാവര്‍മ അഭിപ്രായപ്പെട്ടു. ചിത്രാ മോഹന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള നടനം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥകളിയെ കടഞ്ഞെടുത്ത് ഗുരുഗോപിനാഥ് തയ്യാറാക്കിയെടുത്തതാണ് ഈ കലാരൂപം. ക്ലാസിക്കല്‍ കലാരൂപമായ കഥകളിയെ സാധാരണ ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ആ കലാരൂപത്തെ കൂടുതല്‍ നവീകരിച്ചും ശക്തിപ്പെടുത്തിയും കൂടുതല്‍ ജനകീയ വത്കരിക്കുകയുമാണ് ചിത്രാ മോഹനെ പ്പോലുള്ളവര്‍ ചെയ്യുന്നതെന്നും പ്രഭാ വര്‍മ പറഞ്ഞു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീതനാടക അക്കാഡമി കൂടിയാട്ടകേന്ദ്രം ഡയറക്ടര്‍ ഏറ്റുമാനൂര്‍ പി. കണ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. ജയകൃഷ്ണന്‍, ബിജു ബാലകൃഷ്ണന്‍, റാഫി പൂക്കോം തുടങ്ങിയവര്‍ സംബന്ധിച്ചു. ചിത്രാമോഹന്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് പ്രഭാവര്‍മയുടെ ശ്യാമമാധവം എന്ന കൃതിയെ അവലംബിച്ച് ചിത്രാമോഹനും സംഘവും അവതരിപ്പിച്ച കേരളനടനവും അരങ്ങേറി.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍