448 വാഹനങ്ങള്‍ക്കെതിരേ കേസ്, രണ്ടര ലക്ഷത്തോളം രൂപ പിഴ

December 8, 2017 കേരളം

കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ആകെ 448 വാഹനങ്ങള്‍ക്കെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,45,450 രൂപ പിഴ ചുമത്തി. ബസ്സുകളിലെ അനധികൃതമായി ഘടിപ്പിക്കുന്ന എയര്‍ഹോണുകളുടെ പരിശോധനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചു.

ഡെപ്പ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഓഫീസുകളിലെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ കുടുങ്ങിയത് 158 ഓളം എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങളാണ്. ജില്ലയില്‍ അപകടകരമായും അലക്ഷ്യമായും വാഹനമോടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് സഹായകരമായി ഉപയോഗിക്കുന്ന ഒന്നാണ് അമിത ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകള്‍. ഇത്തരം ശബ്ദ മലിനീകരണം മൂലം അമിത ശബ്ദം മൂലവും വാഹനം കാണുമ്പോള്‍ ഭയന്നു മാറുന്ന ജനങ്ങളുടെ ഇടയിലൂടെയാണ് ഇവര്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത്. ഇത് മൂലം ശബ്ദ മലിനീകരണവും അമിതമായ ശബ്ദവും വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളതുമായ 80 ഡെസിബെല്‍ വരെ അനുവദിച്ചിരിക്കുന്നിടത്താണ് 100 മുതല്‍ 120 ഡെസിബെല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണ്‍ ഘടിപ്പിചിട്ടുള്ള വാഹനങ്ങള്‍ നഗരത്തിലൂടെ ചീറിപായുന്നത്.

കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രസ്തുത വാഹനങ്ങള്‍ക്കെതിരെ കേസ്സെടുക്കുകയും വാഹനത്തിന്റെ എയര്‍ ഹോണ്‍ അഴിച്ചു മാറ്റി വാഹനം ഹാജരാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ് പരിശോധന അവസാനിച്ചത്. ഈ ബസ്സുകളിലെ എയര്‍ഹോണ്‍ അഴിച്ചു മാറ്റി നിയമാനുസരണം വാഹനം കൊണ്ട് വന്ന് ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാക്കിയാല്‍ ശേഷം മാത്രമേ ആ വാഹനത്തിനെതിരെയുള്ള നടപടി തീര്‍പ്പാക്കൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്നും ഈ പരിശോധന തുടരുമെന്നും അടുത്ത ഘട്ടത്തില്‍ വാഹനത്തിന്റെ സാങ്കേതിക കാര്യങ്ങളില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തി ഇത്തരത്തില്‍ എയര്‍ഹോണ്‍ ഘടിപ്പിക്കുന്നത് വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനത്തിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത നടപടി എന്ന നിലയില്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇനി ആവര്‍ത്തിക്കുന്ന പക്ഷം വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും ഡെപ്പ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പരിശോധന രാത്രി വൈകും വരെ നീണ്ടു നിന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം