ശബരിമലയില്‍ കൂട്ടം തെറ്റുന്ന കുട്ടികളെ കണ്ടെത്താന്‍ റേഡിയോ ഫ്രക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം

December 11, 2017 കേരളം

പമ്പ: ശബരിമലയില്‍ കൂട്ടം തെറ്റുന്ന 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതി കേരള പോലീസ് വോഡഫോണുമായി ചേര്‍ന്ന് നടപ്പാക്കുന്നു. പമ്പയില്‍ നിന്നും ടാഗ് അണിയിക്കുന്ന കുട്ടികളുടെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ പോലീസിന് കഴിയും. വലിയ തിരക്കിനിടെ കുട്ടികള്‍ കൂട്ടം തെറ്റിയാലും ഇവരെ കണ്ടെത്തുന്നതിന് വലിയ അധ്വാനമില്ലാതെ പോലീസിന് കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. ശബരിമലയിലെത്തുന്ന 14 വയസിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പമ്പയിലുള്ള പോലീസിന്റെ ഓഫീസിലെത്തി പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സേവനം ലഭ്യമാക്കാം.

കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍, മറ്റ് വിവരങ്ങള്‍ എന്നിവ അടങ്ങുന്ന ടാഗ് ഉടന്‍ തന്നെ ലഭ്യമാക്കും. ടാഗ് ധരിച്ച കുട്ടികളെ ഒറ്റയ്ക്ക് തീര്‍ഥാടന പാതകളില്‍ കണ്ടാല്‍ അവരെ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. ആര്‍എഫ്‌ഐഡി ടാഗ് നിരീക്ഷണ സംവിധാനത്തിലൂടെ ആര്‍എഫ്‌ഐഡി ടാഗ് റീഡ് ചെയ്യുമ്പോള്‍ കുട്ടി എവിടെയുണ്ടെന്നുള്ള വിശദാംശം രക്ഷിതാവിന്റെ ഫോണിലെത്തും.

പദ്ധതിയുടെ ഉദ്ഘാടനം പമ്പയില്‍ ജില്ലാ പോലീസ് മേധാവി എസ്.സതീഷ് ബിനോയും പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കറുപ്പസ്വാമിയും ചേര്‍ന്ന് നിര്‍വഹിച്ചു. വോഡഫോണ്‍ ഇന്‍ഡ്യയുടെ കേരള മേധാവി അജിത് ചതുര്‍വേദിയും ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം