ഓരുവെള്ളത്തിന്റെ തോതനുസരിച്ച് തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കും

December 12, 2017 കേരളം

ആലപ്പുഴ: വേമ്പനാട്ടുകായലിലെ വെള്ളത്തിന്റെ ലവണാംശം നിശ്ചിതതോതിലെത്തുമ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ റ്റി.വി. അനുപമയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.

നിലവില്‍ കൃഷിയെ ബാധിക്കുന്ന നിലയില്‍ ലവണാംശമില്ലെന്നും .24 മില്ലോമീസാണ് ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെ. പ്രേംകുമാര്‍ പറഞ്ഞു. ലവണാംശം രണ്ടു മില്ലീമോസില്‍ കൂടിയാലേ കൃഷിയെ ബാധിക്കൂ. ഓരുവെള്ളത്തിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കും. നിശ്ചിത തോതിലെത്തിയാലുടന്‍ ബണ്ട് അടയ്ക്കും. ഒരു ദിവസം കൊണ്ട് ഷട്ടറുകള്‍ അടയ്ക്കാനാകുമെന്ന് മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തണ്ണീര്‍മുക്കം ഡിവിഷനു കീഴിലുള്ള ഓരുമുട്ടുകള്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചതായി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി. ഹരണ്‍ബാബു പറഞ്ഞു. ചെങ്ങന്നൂര്‍ ഡിവിഷനുകീഴില്‍ 38 എണ്ണം പൂര്‍ത്തീകരിച്ചു. കായംകുളം, ഹരിപ്പാട്, പുളിക്കീഴ് എന്നിവിടങ്ങളിലെ ഓരുമുട്ടുകള്‍ പൂര്‍ത്തീകരിച്ചു. കുട്ടനാട്ടിലെ ജലാശയങ്ങള്‍ മലിനമായതായും കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സൂചിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. ജയലാല്‍, ബാബു കുറുപ്പശേരില്‍, ജോര്‍ജ് മാത്യു, കെ.ജെ. സെബാസ്റ്റിയന്‍, ഡി. മഞ്ജു, വി.വി. ഷീല, ടെസി ജോസ്, സാബു തോട്ടുങ്കല്‍, ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.പി. മധു, മത്സ്യത്തൊഴിലാളി സംഘടന നേതാക്കളായ എന്‍.ആര്‍. ഷാജി, മിനി രാജേന്ദ്രന്‍, വി.കെ. ചന്ദ്രബോസ്, ഡി. സുനേഷ്, രഞ്ജിത്ത് ശ്രീനിവാസ്, എം.കെ. രാജു, കെ.വി. മനോഹരന്‍, എസ്. വാസവന്‍, കെ.എം. ലക്ഷ്മണന്‍, സി. ഗോപിനാഥ്, ഇറിഗേഷന്‍ മെക്കാനിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ബിജോയ് എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം