സ്ത്രീകളെ മാന്യതയോടെ കാണുന്നു – വി.എസ്

April 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: താന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച്‌ ലതികാ സുഭാഷ്‌ എന്താണ്‌ ധരിച്ചുവച്ചിരിക്കുന്നതെന്ന്‌ അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. സ്‌ത്രീകളെ എല്ലായ്പ്പോഴും മാന്യതോടെയാണ്‌ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയ്ക്കെതിരെ ലതികാ സുഭാഷ്‌ പരാതി നല്‍കിയെന്ന കാര്യം മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്‌ വി.എസ്‌ ഇങ്ങനെ പ്രതികരിച്ചത്‌. ലതികാ സുഭാഷ്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായും, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രശസ്തയാണെന്നാണ്‌ താന്‍ ഉദ്ദേശിച്ചത്‌. അതിന്‌ അവര്‍ എന്താണ്‌ ധരിച്ചുവച്ചിരിക്കുന്നതെന്ന്‌ അറിയില്ല. അവരെ ആരെങ്കിലും പറഞ്ഞ്‌ കേള്‍പ്പിച്ചത്‌ എന്താണെന്നും അറിയില്ല. താന്‍ നടത്തിയ പ്രസ്താവനയെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല.
കോടതിയില്‍ തനിക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച്‌ നിയമവിദഗ്ദ്ധരുമായി ആലോചിച്ച്‌ തീരുമാനിക്കും. സ്‌ത്രീകളെ മാനഭംഗപ്പെടുത്തുന്നവരെ ജയിലില്‍ അയക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഇടപെടാനുള്ള അധികാരവും, അവകാശവും തനിക്കുണ്ടെന്നും വി.എസ്‌ പറഞ്ഞു. നിയമോപദേശം തേടിയിട്ടാണ്‌ ഐസ്ക്രീം കേസില്‍ ഇടപെട്ടതും റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതും. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഉപദേശം വേണ്ടെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം