ഭക്തിയിലാറാടി നെയ്യാറ്റിന്‍കരയില്‍ ആറാട്ട്

April 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തിന് ഭക്തിയില്‍ മുങ്ങിയ ആറാട്ട്. കൃഷ്ണപുരം ഗ്രാമത്തില്‍ നെയ്യാറിലെ ആറാട്ടുകടവില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ആറാട്ടോടെ ക്ഷേത്രത്തില്‍ പത്തുനാള്‍ നടന്ന ഉത്സവം സമാപിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൃഷ്ണവിഗ്രഹം ആറാട്ടിനായി എഴുന്നള്ളിച്ചപ്പോള്‍ ക്ഷേത്രാങ്കണത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ വായ്ക്കുരവയും കൃഷ്ണസ്തുതിയും മുഴക്കി. നെയ്യാറ്റിന്‍കര ക്ഷേത്രത്തിലെ കുട്ടിക്കൊമ്പന്‍ കണ്ണനാണ് ദേവന്റെ തിടമ്പേറ്റിയത്. ക്ഷേത്രം വലംവെച്ചുവന്ന എഴുന്നള്ളത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ ആറ് ആനകള്‍ അകമ്പടിയായിച്ചേര്‍ന്നു . പഞ്ചവാദ്യം, പഞ്ചാരിമേളം, ശിങ്കാരിമേളം എന്നിവയോടെ ആറാട്ടെഴുന്നള്ളത്ത് കൃഷ്ണപുരം ഗ്രാമത്തിലെത്തി. രാത്രി ഏഴിന് നെയ്യാറില്‍ ആറാട്ട് നടന്നപ്പോള്‍ ഭക്തസഞ്ചയം ഒപ്പം നദിയില്‍ മുങ്ങി നിര്‍വൃതി നേടി. ആറാട്ടുകടവില്‍ സന്ധ്യയ്ക്ക് സംഗീതക്കച്ചേരി ഉണ്ടായിരുന്നു. ആറാട്ടിനുശേഷം മടങ്ങിയഎഴുന്നള്ളത്തിന് കമനീയമായ ഘോഷയാത്ര അകമ്പടിയായി .നാടന്‍കലകളുടെ ദൃശ്യാവിഷ്‌കാരവും തെയ്യം തുടങ്ങിയ നൃത്തരൂപങ്ങളും ഘോഷയാത്രയെ രമണീയമാക്കി. കൃഷ്ണന്‍കോവില്‍ കവലയില്‍ സന്ധ്യമുതല്‍ തമിഴ് പിന്നണിഗായകന്‍ ടി.എം.എസ്.സെല്‍വകുമാറിന്റെ ഗാനമേള ഉണ്ടായിരുന്നു. രാത്രി 12 മണിക്ക് ആറാട്ടുഘോഷയാത്ര ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ കൊടിയിറങ്ങി. ആറാട്ടെഴുന്നള്ളത്തിന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ ആര്‍.എസ്.വിനോദ്, ജി.മധുസൂദനന്‍നായര്‍, രാജീവ്, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ പി.പദ്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം 15ന് രാവിലെ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം