സുനാമി ഫണ്ട്: 1440 കോടി രൂപ എന്തുചെയ്തുവെന്ന് ആന്റണി

April 10, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊല്ലം: സുനാമി പുനരിധിവാസത്തിനായി കേന്ദ്രം കേരളത്തിന് അനുവദിച്ച 1,440 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി ആവശ്യപ്പെട്ടു.
കുടിവെള്ളം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയ്ക്കായി കേന്ദ്രം അനുവദിച്ച ഫണ്ട് പലതും കേരളം പാഴാക്കിയെന്നും കേന്ദ്ര പണം ചെലവഴിക്കുന്നതില്‍ കേരളം അനാസ്ഥ കാണിച്ചുവെന്നും ആന്റണി ആരോപിച്ചു.ഇവിടുത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടി കേന്ദ്രം നല്‍കിയ പണം കേരളം ചെലവഴിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കി. ഭക്ഷ്യസുരക്ഷാനിയം ഏതാനും മാസങ്ങള്‍ക്കകം നിലവില്‍വരുമെന്നും ഏറ്റവും കുറഞ്ഞ നിരക്കില്‍ 35 കിലോ അരിയും ഗോതമ്പും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.  കയര്‍, കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ തൊഴിലില്ലാതെ വലയുകയാണ്.
വികസനം നടക്കുന്നുണ്ടോയെന്നറിയാന്‍ കേരളത്തിലെ ഇടതുപക്ഷം വടക്കോട്ടു നോക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. വികസന അജണ്ട ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ ഇടതുമുന്നണി വെടിക്കെട്ടു നടത്തുകയാണ്. എതിരാളികളെ വാക്കുകള്‍ കൊണ്ട് പരിഹസിക്കുകയും പ്രവര്‍ത്തികള്‍ കൊണ്ട് പീഡിപ്പിക്കുകയും ചെയ്യുന്ന നയമാണ് ഇടതുമുന്നണിയുടേതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം