ഗ്രീന്‍ പ്രോട്ടോകോള്‍: തീര്‍ത്ഥാടനങ്ങള്‍ക്ക് മാതൃകയായി തിരുവൈരാണിക്കുളം

January 11, 2018 കേരളം

കൊച്ചി: ഗ്രാമവിശുദ്ധി നിലനിര്‍ത്തി തീര്‍ത്ഥാടനങ്ങള്‍ക്ക് മാതൃകയായി തിരുവൈരാണിക്കുളം തീര്‍ത്ഥാടനം. തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയിട്ടും ക്ഷേത്രപരിസരവും നാട്ടുവഴികളും മാലിന്യമുക്തം. ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്തും ക്ഷേത്രഭരണസമിതിയും കൈകോര്‍ത്തതിന്റെ ഫലം.

തീര്‍ത്ഥാടനവേളയിലും അതിനു ശേഷവും ഗ്രാമം മാലിന്യത്താല്‍ ബുദ്ധിമുട്ടുന്ന മുന്‍ അനുഭവമാണ് ഹരിത നടപടിക്രമം പരീക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തേയും ക്ഷേത്രഭരണസമിതിയെയും പ്രേരിപ്പിച്ചത്. ജില്ലാ കളക്ടര്‍ മുന്‍കയ്യെടുത്ത് വിളിച്ചു ചേര്‍ത്ത യോഗം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ തുടര്‍നടപടികളും കൈക്കൊണ്ടു. തീര്‍ത്ഥാടനത്തിന് ഹരിതനടപടിക്രമം ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവുമിറങ്ങി.

പ്ലാസ്റ്റിക്ക്, വലിച്ചെറിയാവുന്ന പാത്രങ്ങള്‍, ഗ്ലാസ് തുടങ്ങിയവയെല്ലാം നിരോധിച്ചു കൊണ്ടുള്ളതായിരുന്നു കളക്ടറുടെ ഉത്തരവ്. ഒപ്പം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സന്നദ്ധസംഘങ്ങളെയും ശുചിത്വമിഷന്‍ രംഗത്തിറക്കി. പാലിശ്ശേരി എസ്.സി.എം.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഹരിത നടപടിക്രമം നടപ്പാക്കാന്‍ തിരുവൈരാണിക്കുളത്ത് ക്യാമ്പ് ചെയ്തത്. ക്ഷേത്രകവാടത്തില്‍ ഗ്രീന്‍പ്രോട്ടോകോളിനായി പ്രത്യേകസെല്‍ തന്നെ ശുചിത്വമിഷന്‍ തുറന്നു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ മാതൃകയില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയ സംവിധാനം ഒരുക്കുന്നതിനും ക്ഷേത്ര ഭരണസമിതി തയാറായി. ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജോസ് ജോസഫ് മൂഞ്ഞേലി ഇതിന് മേല്‍നോട്ടം വഹിച്ചു. പ്ലാസ്റ്റിക്, കുപ്പി, പേപ്പര്‍, തുണികള്‍, ചെരിപ്പുകള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് സൂക്ഷിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള കേന്ദ്രം ക്ഷേത്രപരിസരത്തു തന്നെ സജ്ജമാക്കി. അജൈവ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിന് പഞ്ചായത്തിന്റെ സഹായവും ലഭിച്ചു.

സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള വിപുലമായ സംവിധാനം നേരത്തെ തന്നെ ക്ഷേത്രത്തിന് സമീപം സജ്ജമാക്കിയിരുന്നു. മലിനജലം സംസ്‌കരിച്ച് പുനരുപയോഗിക്കുന്നതിനുള്ള പ്ലാന്റാണ് അടുത്ത ലക്ഷ്യം. വരുംവര്‍ഷത്തെ തീര്‍ത്ഥാടനകാലത്തിന് മുമ്പു തന്നെ ഈ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും. ഹരിത നടപടിക്രമം പ്രാവര്‍ത്തികമായതോടെ ക്ഷേത്രത്തിലും പരിസരത്തും പ്ലാസ്റ്റിക്കോ മറ്റു ചപ്പുചവറുകളോ ഈ വര്‍ഷം തീരെയില്ല. ബസുകള്‍ നിര്‍ത്തുന്നയിടം മുതല്‍ താല്‍ക്കാലിക വ്യാപാരകേന്ദ്രങ്ങളും ഭക്ഷണശാലകളും വരെ തികഞ്ഞ ശുചിത്വം പുലര്‍ത്തുന്നു. മാലിന്യങ്ങള്‍ പെറുക്കി ചാക്കുകളിലാക്കി നീക്കുന്നതിനും ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്നതിനും ഹരിതകേരള സന്ദേശം മുദ്രണം ചെയ്ത പച്ചക്കോട്ടണിഞ്ഞ് വിദ്യാര്‍ത്ഥി വോളന്റിയര്‍മാര്‍ ഓരോ മുക്കിലും മൂലയിലുമുണ്ട്.

ഹരിത നടപടിക്രമം പാലിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനുമായി ജില്ലാ കളക്ടര്‍  തിരുവൈരാണിക്കുളത്തെത്തിയിരുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഹരിത ജീവിതരീതിയെ കുറിച്ചുള്ള സന്ദേശം കൂടിയാണ് തിരുവൈരാണിക്കുളം നല്‍കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ദേവീദര്‍ശനത്തിനെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഈ സന്ദേശമുള്‍ക്കൊണ്ടാല്‍ സമൂഹത്തില്‍ വലിയൊരു മാറ്റത്തിനാണ് അത് നാന്ദി കുറിക്കുക. മറ്റ് തീര്‍ത്ഥാടന, ഉത്സവകേന്ദ്രങ്ങളിലും ഹരിത നടപടിക്രമം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം മുന്‍കയ്യെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം