ജമ്മു കാശ്മീര്‍ കൃഷി സഹമന്ത്രി സന്ദര്‍ശനം നടത്തി

January 12, 2018 കേരളം

തിരുവനന്തപുരം: ജമ്മു കാശ്മീര്‍ കൃഷി സഹമന്ത്രി ദല്‍ജിത്ത് സിംഗ് ചിബ് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ സന്ദര്‍ശിച്ച് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

മറ്റ് സംസ്ഥാനങ്ങളുമായി കാര്‍ഷിക ബന്ധം വളര്‍ത്തുന്നതിനും അതിലൂടെ കര്‍ഷകരെ സഹായിക്കുന്നതിനുമായി ജമ്മു കാശ്മീരില്‍ രൂപീകരിച്ചിട്ടുള്ള കിസാന്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അദേഹം കേരളത്തിലെത്തിയത്.

കൃഷി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അഗ്രോ ബസാറുകളില്‍ ജമ്മു കാശ്മീര്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ തനതു വിഭവങ്ങളായ കുങ്കുമപൂവ്, ബദാം, ബ്ലാക്ക്‌ബെറി തുടങ്ങിയവ കേരളത്തില്‍ ഇടനിലക്കാരില്ലാതെ വിപണനം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. ജമ്മുകാശ്മീരിലെ കാലാവസ്ഥയ്ക്ക് സമാനമായ ഇടുക്കി ജില്ലയിലെ പ്രദേശങ്ങളില്‍ ജമ്മുകാശ്മീരില്‍ സുലഭമായ വിവിധയിനം ആപ്പിളുകള്‍ കൃഷി ചെയ്യുന്നിന്റെ സാധ്യതകളെ പറ്റി ചര്‍ച്ച നടത്തി. അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ബനാനാ റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിലെ അഞ്ച് പ്രധാന പഴവര്‍ഗങ്ങളുടെ വിപണി കേരളത്തില്‍ സുലഭമാക്കുന്നതിനും കൃഷി ചെയ്യുന്നതിനും വകുപ്പുതലത്തില്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകാശ്മീരിലെ കാര്‍ഷിക വൈവിധ്യങ്ങള്‍ മനസിലാക്കുന്നതിനും കേരള കാര്‍ഷിക ഉല്പന്നങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും വിപണന സാധ്യതകള്‍ പഠിക്കുന്നതിനുമായി സംസ്ഥാന കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംഘം ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നതിനും തീരുമാനമായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം