ആയുഷ് വകുപ്പിന്റെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍മ്മ പദ്ധതി

January 12, 2018 കേരളം

തിരുവനന്തപുരം: ആയുഷ് വകുപ്പിലെ പൊതുമരാമത്ത് ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. ആയുഷ് വകുപ്പ് ഉള്‍പ്പെട്ട ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ മെഡിസിന്‍ വിദ്യാഭ്യാസ വകുപ്പ്, ഹോമിയോപ്പതി ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണ് കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

ബന്ധപ്പെട്ട വകുപ്പില്‍ നിന്നും പൊതുമരാമത്ത് വകുപ്പിന് തുക കൈമാറിയ പ്രവൃത്തികളെല്ലാം അടിയന്തരമായി ടെന്‍ഡര്‍ ചെയ്ത് പ്രവര്‍ത്തനങ്ങളാരംഭിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പ് മേലധികാരികളും പൊതുമരാമത്ത് വകുപ്പ് മേലധികാരികളും സമയബന്ധിതമായി നടപ്പിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം