പുക: കൈഗ ആണവ നിലയത്തിലെ ഒരു റിയാക്ടര്‍ അടച്ചു

April 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കൈഗ: പുകയുയര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് കൈഗ ആണവ നിലയത്തിലെ ഒരു റിയാക്ടര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെ മൂന്നാം യൂണിറ്റിലെ ഫയര്‍ അലാറം ശബ്ദിച്ചതിനെത്തുടര്‍ന്നാണ് റിയാക്ടര്‍ അടച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തകരാര്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും മുന്‍ കരുതലെന്ന നിലയില്‍ റിയാക്ടര്‍ അടക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഏപ്രില്‍ 17 ന് റിയാക്ടര്‍ തുറക്കും.
2007 മെയ് ആറിനാണ് ഇവിടുത്തെ മൂന്നാം യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഉത്തര കര്‍ണാടകയിലെ കൈഗ ആണവോര്‍ജ്ജ കേന്ദ്രത്തില്‍ 220 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നാലു യൂണിറ്റുകളാണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം