മകരവിളക്ക്: വ്യൂ പോയിന്റുകളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി

January 12, 2018 കേരളം

പത്തനംതിട്ട: മകര ജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ തടിച്ചുകൂടുന്ന ജില്ലയിലെ എട്ട് വ്യൂ പോയിന്റുകളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും ക്രമീകരണങ്ങളുടെ വിലയിരുത്തലും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, പഞ്ഞിപ്പാറ, അട്ടത്തോട്, പമ്പ ഹില്‍ടോപ്പ്, പമ്പ വിനായക ഗസ്റ്റ് ഹൗസിന് സമീപമുള്ള സ്ഥലം, അപ്പാച്ചിമേട് ടോപ്പ് എന്നീ വ്യൂ പോയിന്റുകളിലെ ക്രമീകരണങ്ങളാണ് വിലയിരുത്തിയത്. എല്ലാ വ്യൂപോയിന്റുകളിലും ഡ്യൂട്ടിക്കായി റവന്യു വകുപ്പില്‍ നിന്ന് ഓരോ ഡപ്യൂട്ടി തഹസീല്‍ദാര്‍മാരെയും മൂന്ന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ വ്യൂ പോയിന്റുകളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഡപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച് ഇവിടങ്ങളിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. അധികമായി ക്രമീകരണങ്ങള്‍ ആവശ്യമുള്ള പക്ഷം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഡ്യൂട്ടി പോയിന്റുകളില്‍ നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും അവസാനത്തെ തീര്‍ഥാടകനും വ്യൂ പോയിന്റുകളില്‍ നിന്നും മടങ്ങിയതിന് ശേഷം ഇതു സംബന്ധിച്ച വിവരം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും.

അപ്പാച്ചിമേട്, ഹില്‍ടോപ്പ്, പമ്പ വിനായക ഗസ്റ്റ് ഹൗസിന് സമീപമുള്ള വ്യൂപോയിന്റുകളിലെ ക്രമീകണങ്ങള്‍ പമ്പയിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലായിരിക്കും വിലയിരുത്തുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബാരിക്കേഡുകള്‍ പൂര്‍ത്തിയായി വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മകരവിളക്ക് ദിവസം തീര്‍ഥാടകരുടെ ബാഹുല്യം അധികമായാല്‍ വിവിധ ഇടത്താവളങ്ങളില്‍ തീര്‍ഥാടകരെ നിയന്ത്രിച്ച് അവര്‍ക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ സജ്ജമാക്കും. ഇക്കാര്യത്തില്‍ അധികമായി ക്രമീകരണങ്ങള്‍ ആവശ്യമുള്ള പക്ഷം ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ ആവശ്യമായ സഹായങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. മകരവിളക്കിനോടനുബന്ധിച്ച് കളക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എല്ലാ സജ്ജീകരണങ്ങളോടും 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടൂര്‍, തിരുവല്ല ആര്‍ഡിഒ ഓഫീസുകളിലെയും താലൂക്കുകളിലെയും കണ്‍ട്രോള്‍ റൂമുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

വ്യൂ പോയിന്റുകളില്‍ അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല ഡ്യൂട്ടി പോയിന്റുകളില്‍ നിയോഗിച്ചിട്ടുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്കായിരിക്കും. സേവന മനോഭാവത്തോടുകൂടി ഈ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എം.എ റഹിം, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ പി.റ്റി.എബ്രഹാം, തഹസീല്‍ദാര്‍മാര്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം