തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയില്‍

April 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ ചൂട്‌ ഉച്ചസ്ഥായിയിലായി. നാളെ വൈകിട്ട്‌ പ്രചാരണം തീരും. വിവാദങ്ങളായിരുന്നു ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ്‌ വിഷയമെങ്കില്‍, ദേശീയ നേതാക്കളുടെ വരവോടെ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മുന്‍നിരയിലേക്കെത്തി.
അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക വികസന പ്രശ്നങ്ങള്‍ എന്നിവയും അവസാനഘട്ടത്തില്‍ ചിത്രത്തിലേക്ക്‌ വരുന്നുണ്ട്‌. കേരളീയ മനസ്‌ എങ്ങോട്ടാണ്‌ ചായുന്നത്‌ എന്നതിനെപ്പറ്റി വ്യക്തമായ സൂചനകളൊന്നും ഇനിയും ലഭ്യമല്ല. യു.ഡി.എഫിന്‌ അനുകൂലമാണെന്ന് സര്‍വ്വേ ഫലങ്ങളെങ്കിലും തെരഞ്ഞെടുപ്പ്‌ പ്രചാരണം ചൂടുപിടിക്കുന്നതിനും സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുന്നതിനും മുന്‍പ്‌ നടത്തിയ സര്‍വേകളുടെ ഫലത്തെ ആശ്രയിക്കുന്നത്‌ ഉചിതമല്ല.
ശക്തമായ സാന്നിധ്യമായി ബി.ജെ.പിയും പ്രചരണത്തില്‍ മുന്‍ നിരയിലാണ്. ഏറെ ഗൌരവത്തോടെയാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അക്കൌണ്ട് തുറക്കുന്നതിനപ്പുറം കേരള നിയമസഭയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ് ലക്ഷ്യം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിരാശരായ കേരളത്തിലെ ജനങ്ങള്‍ ഒരു പോം‌വഴി തേടുന്നു. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം നേടി എന്നതാണ്‌ യു.ഡി.എഫ്‌ പ്രതീക്ഷയുടെ അടിത്തറ. എന്നാല്‍ ഐസ്ക്രീം, ഇടമലയാര്‍, സ്‌മാര്‍ട്ട്‌സിറ്റി, പാംഓയില്‍ തുടങ്ങിയവയിലൂടെ വി.എസ്‌ നടത്തിയ മുന്നേറ്റം, ഈ അടിത്തറയെ തകര്‍ക്കാന്‍ പര്യാപ്‌തമായിട്ടുണ്ടോ എന്നതാണ്‌ ഈ തെരഞ്ഞെടുപ്പിലെ ചോദ്യം. അഴിമതിക്കും സ്‌ത്രീപീഡനത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടും എന്ന സന്ദേശമാണ്‌ തെരഞ്ഞെടുപ്പുരംഗത്ത്‌ വി.എസ്‌ നല്‍കിയത്‌.
മലമ്പുഴയിലെ എതിര്‍സ്ഥാനാര്‍ത്ഥി ലതികാസുഭാഷിനെക്കുറിച്ച്‌ വി.എസ്‌ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടി വി.എസ് ഇങ്ങനെയാണോ സ്ത്രീകളെ സംരക്ഷിക്കുന്നതെന്ന് യു.ഡി.എഫ് ചോദിക്കുന്നു. സ്വന്തം പാര്‍ട്ടി സീറ്റ് നല്‍കാന്‍ മടിച്ച വി.എസ് അച്യുതാനന്ദന് തെരഞ്ഞെടുപ്പില്‍ എന്ത് തരംഗമാണ് സൃഷ്ടിക്കാന്‍ സാധിക്കുക എന്ന് ബി.ജെ.പിയും ചോദിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം