സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്ത്വത്തിന് മുന്‍ഗണന നല്‍കണം: ബാലാവകാശ കമ്മീഷന്‍

January 29, 2018 കേരളം

Balavakashamതിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്ത്വത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതു വിദ്യാഭ്യാസം, തദ്ദേശ ഭരണം വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്ലാന്‍ അനുസരിച്ച് സുരക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുകയും അതിനായി തുക മാറ്റി വച്ച് അദ്ധ്യയന വര്‍ഷം തുടങ്ങുതിനു മുന്‍പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യണം. ഇതിനുള്ള നിര്‍ദേശം എല്ലാ സ്‌കൂളുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവായി.

സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൈമാറിയ സാഹചര്യത്തില്‍ അവര്‍ ഇക്കാര്യത്തിന് കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്. ഫിറ്റ്‌നസ് നല്‍കേണ്ട എന്‍ജിനീയര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റ് സഹിതമുള്ള റിപ്പോര്‍ട്ട് സ്‌കൂളിനും പഞ്ചായത്തിനും നല്‍കി ആവശ്യമായ പണി നല്ല രീതിയില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ നിര്‍ദേശം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കണം.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണ നിരവധി കേസുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. അവയില്‍ മിക്കതും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആയിരുന്നു. അപകടങ്ങള്‍ മിക്കതും അവധി ദിവസങ്ങളില്‍ ആയതിനാലാണ് വലിയ ദുരന്തങ്ങള്‍ ഒഴിവായത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി യഥാസമയം സ്വീകരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം എടവണ്ണ പത്തിപ്പിരിയം ഗവമെന്റ് യുപി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച കേസിലാണ് ഉത്തരവ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം