കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു; ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല

February 2, 2018 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാപദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച ജെയ്റ്റ്ലി 52,800 കോടിരൂപയാണ് ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്.

ആരോഗ്യനയത്തില്‍ പ്രഖ്യാപിച്ച ഒന്നരലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കായി 1200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ ആരോഗ്യകേന്ദ്രങ്ങളിലൂടെ പകര്‍ച്ചവ്യാധി നിയന്ത്രണം, മാതൃശിശു ആരോഗ്യം എന്നിവ കാര്യക്ഷമമാക്കുന്നതിനോടൊപ്പം സൗജന്യ  രോഗനിര്‍ണയ പരിശോധനകളും മരുന്നു വിതരണവും ഉറപ്പാക്കും.

ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല. ആദായനികുതിയില്‍ 40,000 രൂപയുടെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ അനുവദിച്ചത് രണ്ടരക്കോടിയോളം വരുന്ന ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേരിയ ആശ്വാസമായി. യാത്രാ അലവന്‍സ് (ടി.എ.), മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിലവിലുള്ള നികുതിയിളവിന് പകരമാണിത്.

മഴക്കാലവിളകളുടെ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയാക്കും. ഔഷധച്ചെടികളുടെയും സുഗന്ധദ്രവ്യസസ്യങ്ങളുടെയും സംയോജിതകൃഷിക്ക് 200 കോടി അനുവദിച്ചിട്ടുണ്ട്.

കര്‍ഷകര്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നതിന് 22000 ഗ്രാമീണചന്തകള്‍ കാര്‍ഷികകമ്പോളങ്ങളായി വികസിപ്പിക്കും. ഉരുളക്കിഴങ്ങ്, തക്കാളി, സവാള എന്നിവയ്ക്ക് ഇടയ്ക്കിടെ വിലവ്യതിയാനംമൂലമുണ്ടാകുന്ന നഷ്ടം നേരിടാന്‍ 500 കോടിയുടെ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി നടപ്പാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം