തമിഴ്‌നാട്ടില്‍ 75 ശതമാനം പോളിംഗ്‌

April 14, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: തമിഴ്‌നാട്‌ നിയമസഭയിലേക്ക്‌ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ്‌ പൊതുവെ സമാധാനപരമായിരുന്നു. രാജ്യത്തെ അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഇന്നലത്തോടുകൂടി അവസാനിച്ചു. പശ്ചിമബംഗാളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഈമാസം 18 ന്‌ ആരംഭിക്കും. മെയ്‌ 13 നാണ്‌ ഫലപ്രഖ്യാപനം.
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ്‌ ഫലമായിരിക്കും പ്രധാനമായും കേന്ദ്രസര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുകയെന്ന്‌ വിദഗ്ധര്‍ വിലയിരുത്തുന്നു. 141 സ്ത്രീകളുള്‍പ്പെടെ 2,748 സ്ഥാനാര്‍ത്ഥികളാണ്‌ തമിഴ്‌നാട്ടില്‍ മത്സരത്തിനിറങ്ങിയത്‌. 160 സീറ്റുകളിലാണ്‌ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്‌. ഡിഎംകെ സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനുള്ള മുറപടി കൂടിയായിരിക്കും ഫലപ്രഖ്യാപനമെന്ന്‌ എഐഎഡിഎംകെ തലൈവി ജയലളിത അഭിപ്രായപ്പെട്ടു. ചിഹ്നം സൂചിപ്പിക്കുന്നതുപോലെ തന്നെ തമിഴ്‌നാട്ടില്‍ ഡിഎംകെ വീണ്ടും ഉദിച്ചുയരുമെന്ന്‌ മുഖ്യമന്ത്രി കരുണാനിധി അഭിപ്രായപ്പെട്ടു. 119 സീറ്റുകളിലേക്കാണ്‌ ഡിഎംകെ മത്സരിച്ചത്‌. 187 സ്ഥാനാര്‍ത്ഥികളാണ്‌ പുതുച്ചേരിയില്‍ ഇത്തവണ മത്സരത്തിനിറങ്ങിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം