അഡ്വ.ശാന്തിഭൂഷണെതിരെ ആരോപണം

April 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: അഴിമതി തടയാനുള്ള ലോക്‌പാല്‍ നടപ്പാക്കുന്നതിനുള്ള സമിതിയുടെ കോ- ചെയര്‍മാനും പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിക്കുന്ന സി.ഡി.പുറത്തുവന്നു.
ഇന്നലെയാണ്‌ ദല്‍ഹിയിലെ മാധ്യമ സ്ഥാപനങ്ങളിലേക്ക്‌ സി.ഡികള്‍ ലഭിച്ചത്‌. ലോക്‌പാല്‍ ബില്ലിന്റെ കരട് രൂപീകരണ സമിതിയുടെ ആദ്യയോഗം നടക്കാനിരിക്കേയാണ് ശാന്തിഭൂഷണെതിരെ സി.ഡി പ്രചരിക്കുന്നത്.
സമാജ്‌വാദി പ്രസിഡന്റ്‌ മുലായം സിങ് യാദവ്‌, എസ്‌.പിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട അമര്‍ സിങ് എന്നിവരുമായി ശാന്തിഭൂഷണ്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സി.ഡിയില്‍ ഉണ്ടെന്നാണ് ഇത് എത്തിച്ചവരുടെ ആരോപണം. ഉത്തര്‍പ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ട്‌ തന്റെ മകന്‍ പ്രശാന്ത്‌ ഭൂഷണ്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്നും, കേസ്‌ പരിഗണിക്കുന്ന ജഡ്ജിയെ സ്വാധീനിക്കുന്നതിന്‌ നാലു കോടി രൂപ നല്‍കുമെന്നും ശാന്തിഭൂഷണ്‍ മുലായം സിങ് യാദവ്, അമര്‍ സിങ് എന്നിവരോട്‌ ചര്‍ച്ച നടത്തുന്നതിന്റെ സംഭാഷണങ്ങളാണ്‌ സി.ഡിയില്‍ ഉള്ളത്‌.
എന്നാല്‍ സി.ഡി കെട്ടിച്ചമച്ചതാണെന്ന് ശാന്തിഭുഷന്റെ മകനും പ്രശസ്ത അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സി.ഡിക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയെന്നും അമര്‍സിങ്ങിനെ ശാന്തിഭുഷണ്‍ കണിട്ടില്ലെന്നും പ്രശാന്ത്‌ഭൂഷണ്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം