നാരായണമൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ പുതിയ പദവി

April 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന എന്‍.ആര്‍.നാരായണ മൂര്‍ത്തിക്ക് കമ്പനി ചെയര്‍മാന്‍ എമെറിറ്റസ് പദവി നല്‍കും. ആഗസ്തില്‍ വിരമിക്കുന്നതോടെയാവും ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ കൂടിയായ അദ്ദേഹത്തിന് പുതിയ പദവി ലഭിക്കുക. ഇതുസംബന്ധിച്ച പ്രഖ്യാപനം ഏപ്രില്‍ 30ന് കൂടുന്ന ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാവും.
നാരായണമൂര്‍ത്തി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡിലോ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ തനിക്ക് പ്രത്യേക ഉത്തരവാദിത്വം ഒന്നും ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇന്‍ഫോസിസിലെ ഓരോ വ്യക്തിക്കും എന്തുവിഷയത്തെക്കുറിച്ചും തന്നെ വന്ന് കണ്ട് ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ചെയര്‍മാന്‍, സിഇഒ എന്നിവരെയും 30ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ സിഇഒ ആയ ക്രിസ് ഗോപാലകൃഷ്ണന്‍ ചെയര്‍മാനാകുമെന്നാണ് സൂചന. എസ്.ഡി.ഷിബുലാല്‍ ആയിരിക്കും പുതിയ സിഇഒ. നിലവില്‍ സിഒഒ ആണ് അദ്ദേഹം. ഇരുവരും മലയാളികളാണ്. സിഒഒ സ്ഥാനം ഒഴിച്ചിട്ടേക്കും.
നേതൃമാറ്റം ഇന്‍ഫോസിസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് നാരായണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഇന്‍ഫോസിസിന്റെ മൂല്യങ്ങല്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാവും പുതിയ നേതൃനിരയിലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം