യാഗശാലയെ അഗ്നിയെടുത്തു, അതിരാത്രത്തിന് സമാപ്തി

April 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

വടക്കാഞ്ചേരി: യജ്ഞശാലാ ദഹനത്തോടെ പന്ത്രണ്ടുദിവസം നീണ്ടുനിന്ന പാഞ്ഞാള്‍ അതിരാത്രത്തിന് ഭക്തസായൂജ്യത്താല്‍ പരിസമാപ്തി. സമാപനദിവസമായ വെള്ളിയാഴ്ച്ച ചടങ്ങുകള്‍ തീരാന്‍ രാത്രി ഏറെ വൈകി. ചടങ്ങുകളുടെ അവസാനം മൂന്ന് അഗ്‌നികളെയും ചമതയിലേക്കാവാഹിച്ച് യജമാനന്‍ ഭട്ടി പുത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാടും പത്‌നി ധന്യ പത്തനാടിയും യാഗശാലയ്ക്ക് പുറത്തുകടന്നതോടെ പരികര്‍മികള്‍ യാഗശാല അഗ്നിക്ക് സമര്‍പ്പിച്ചു.
ആത്മാവ് ത്യജിക്കപ്പെട്ട ശരീരം പോലെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായ യാഗശാല എന്നാണ് സങ്കല്‍പ്പം. അതുകൊണ്ടാണ് യാഗശാല കത്തിക്കുന്നത്. യാഗശാലയെ അഗ്നി വിഴുങ്ങുന്നതോടെ മഴ പെയ്യുമെന്നാണ് വിശ്വാസം. രാത്രി എട്ടര മണിയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് പാഞ്ഞാളിലെത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി യാഗശാലയുടെ ഓലപ്പുരയിലേക്ക് അഗ്നി പകര്‍ന്നു. ആകാശത്തേക്കുയര്‍ന്ന അഗ്നി അണഞ്ഞുതീരുന്നതിന് മുമ്പേ മഴയുമെത്തി. കനത്ത മഴയാണ് പാഞ്ഞാളിലും പരിസരത്തും രാത്രിയോടെ പെയ്തത്. മഴ നനഞ്ഞ് ഭക്തസായൂജ്യത്തില്‍ ഭക്തര്‍ മടങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ യാഗം കാണാനെത്തി. ഒപ്പം വിദേശരാജ്യങ്ങളില്‍ നിന്നടക്കം നിരവധി ഗവേഷകരും. പതിനൊന്നാം നാളിലെ ആദ്യ ചടങ്ങ് നാമസ്തുതികളുടെയും ഋഗ്വേദമന്ത്രങ്ങളുടെയും അകമ്പടിയോടെ സോമ പിഴിയലായിരുന്നു. തുടര്‍ന്ന് ആദിത്യന്മാര്‍ക്ക് ആദ്യ ആഹുതി. ശുദ്ധ സോമത്തിനുള്ള സ്തുതി കഴിഞ്ഞ് ഏകാദശ പശുവിന്റെ വപയും ഹവിസ്സും ഹോമിച്ച് ഇതിനുപയോഗിച്ച മണ്‍പാത്രങ്ങള്‍ മഹാവേദിക്ക് പുറത്തുകൊണ്ടുപോയി ഉടച്ചു.
സോമഹോമത്തിനുശേഷം ഹോതന്‍ ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലി. തുടര്‍ന്നായിരുന്നു യജ്ഞായ യജ്ജീയം സാമസ്തുതി. അഗ്‌നിഷ്ടോമമെന്ന ഈ ചടങ്ങിന് സാമവേദികളായ ഋത്വിക്കുകള്‍ നേതൃത്വം നല്‍കി. പിന്നീട് സൗമ്യം എന്ന പേരുള്ള ഹവിസ്സ് ഹോമിച്ച് ഹോമശേഷം നെയ്യൊഴിച്ച് സാമഗായകര്‍ക്ക് കൈമാറി. ഉണങ്ങല്ലരിയാണ് സൗമ്യത്തിന് ഹവിസ്സായി ഉപയോഗിക്കുന്നത്. അതിരാത്രത്തിലെ സൗമ്യം സ്ത്രീകള്‍ സേവിച്ചാല്‍ ആണ്‍കുട്ടിയെ പ്രസവിക്കുമെന്നാണ് വിശ്വാസം.
നാനൂറോളം സ്ത്രീകള്‍ വ്രതാനുഷ്ഠാനങ്ങളുമായി സൗമ്യം സേവിക്കുന്നതിന് അതിരാത്രവേദിയിലെത്തി. ഇവര്‍ പിന്നീട് യജ്ഞശാലാ പ്രദക്ഷിണവും നടത്തി യജ്ഞപുരുഷനെയും പാഞ്ഞാളപ്പനെയും വണങ്ങി.സൂര്യന്‍ പകുതി അസ്തമിക്കുന്ന നേരത്ത് യജ്ഞശാലയില്‍ പ്രസിദ്ധമായ ഷോഡശിസ്തുതി തുടങ്ങി. ഹോതനും സാമവേദികളും ചേര്‍ന്ന് ചൊല്ലുന്ന പതിനാറാമത്തെ സ്തുതി.തുടര്‍ന്ന് ഹോതന്‍, മൈത്രാവരുണന്‍, ബ്രഹ്മണാച്ഛംസി, അച്ഛാവകന്‍ എന്നിവര്‍ ഓരോരുത്തരായി നാല് ഋഗ്വേദമന്ത്രങ്ങളുടെ മൂന്ന് പര്യായങ്ങള്‍ ‘രാത്രീപര്യായം’ എന്ന ക്രിയയില്‍ ചൊല്ലിത്തുടങ്ങി. ഇതില്‍ എല്ലാ ആഹുതികളും ഇന്ദ്രനായിരുന്നു. പടിഞ്ഞാറെ യാഗശാലയിലെ അഗ്നികുണ്ഡങ്ങളില്‍ നിന്ന് യജമാനന്‍ ആവാഹിച്ച ത്രേതാഗ്നിയെ ഇനി യജമാനഗൃഹത്തില്‍ സൂക്ഷിക്കും. വര്‍ത്തതേ ട്രസ്റ്റ് നാട്ടുകാരുടെ സഹകരണത്തോടെയാണ് പാഞ്ഞാളില്‍ അതിരാത്ര യാഗം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം