പശ്ചിമബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

April 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 54 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷയാണ് എര്‍പ്പെടുത്തിയിരിക്കുന്നത്. 364 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
നഗരവികസന മന്ത്രി അശോക് ഭട്ടാചാര്യ, ആന്ധ്രാപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ത്രിലോക് ദിവാന്‍ തുടങ്ങിയവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍. തെക്കന്‍ ദിനജ്‌പൂരിലും മാല്‍ഡയിലും കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിലെ വിള്ളല്‍ ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നു.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പലയിടങ്ങളിലും അക്രമം തുടരുകയാണ്. 54 സീറ്റില്‍ കഴിഞ്ഞ തവണ വെറും പതിനൊന്ന് സീറ്റാണ് പ്രതിപക്ഷത്തിന് കിട്ടിയത്. ഇത്തവണ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയിലാണ് മമതാ ബാനര്‍ജിയുടെ പ്രതീക്ഷ.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും വടക്കന്‍ ബംഗാളില്‍ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഈ മേഖലയില്‍ പ്രചാരണത്തിന് വന്നില്ല. മൂന്നാഴ്ച നീണ്ട് നില്‍ക്കുന്ന വോട്ടെടുപ്പിനാണ് നാളെ പശ്ചിമബംഗാളില്‍ തുടക്കം കുറിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് അടുത്ത മാസം പത്തിനാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം