226സ്ത്രീകളെ ഭീഷണിപ്പെടുത്തി ഗര്‍ഭപാത്രം നീക്കം ചെയെ്തന്ന് വെളിപ്പെടുത്തല്

April 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ജയ്പുര്‍: രാജസ്ഥാനില്‍ ദോസ ജില്ലയിലെ മൂന്ന് സ്വകാര്യആസ്പത്രികള്‍ പണം കൊയ്യാന്‍ കഴിഞ്ഞവര്‍ഷം 226 സ്ത്രീകളെ ഭീഷണിപ്പെടുത്തി ഗര്‍ഭപാത്രം നീക്കം ചെയെ്തന്ന് വെളിപ്പെടുത്തല്‍. മാരകരോഗത്തിനിടയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഓരോ രോഗിയില്‍നിന്നും 14000 രൂപ വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഒരു സന്നദ്ധസംഘടന വിവരാവകാശനിയമപ്രകാരം കണ്ടെത്തി. സര്‍ക്കാറിന്റെ പ്രസവത്തിനുള്ള ജനനി സുരക്ഷായോജന പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരമുള്ള ആസ്പത്രികളാണ് ഇവ.
ജോധ്പുര്‍ ജില്ലയില്‍ വിഷാംശമടങ്ങിയ ഗ്ലൂക്കോസ് കഴിച്ച് 17 ഗര്‍ഭിണികള്‍ മരിച്ച സംഭവത്തിന്റെ ചൂടാറും മുമ്പെയാണ് ഞെട്ടിക്കുന്ന കാര്യം പുറത്തായത്. വയറുവേദനയായി ആസ്പത്രിയിലെത്തിയ സ്ത്രീകളെ പ്പോലും ഭയപ്പെടുത്തി ഗര്‍ഭപാത്രം നീക്കംചെയ്ത് പണം തട്ടിയെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം മൂന്നംഗസമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ സപ്തംബര്‍വരെ ഈ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയ 385 സ്ത്രീകളില്‍ 226 പേരുടെയും ഗര്‍ഭപാത്രം നീക്കംചെയ്തതായാണ് ദോസിയെ അഖില ഭാരതീയ ഗ്രഹക് പഞ്ചായത്തിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ഗര്‍ഭപാത്രത്തിലെ അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുമെന്ന്് ഭയപ്പെടുത്തിയാണ് ഇവര്‍ സ്ത്രീകളെ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ചത്.
പണം കൊള്ളയടിക്കാന്‍ മാത്രമായാണ് ഡോക്ടര്‍മാര്‍ ഇത് ചെയ്തതെന്ന് സംഘടനയുടെ ജനറല്‍സെക്രട്ടറി ദുര്‍ഗാപ്രസാദ് കുറ്റപ്പെടുത്തി. തുടര്‍ച്ചയായി വയറുവേദനയുണ്ടായതിനെത്തുടര്‍ന്ന് ആസ്പത്രിയിലെത്തിയ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും എന്നാല്‍ വേദന മാറാത്തതിനെത്തുടര്‍ന്ന് മറ്റൊരാസ്പത്രിയെ സമീപിച്ചപ്പോഴാണ് അനാവശ്യമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസ്സിലായതെന്നും ഒരു സ്ത്രീ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം