പി.എസ്.എല്‍.വി സി 16 വിജയകരമായി വിക്ഷേപിച്ചു

April 20, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്ക് നവോന്മേഷം പകര്‍ന്നുനല്‍കി പി.എസ്.എല്‍.വി സി. 16 ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചു.ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച രാവിലെ 10.12 നാണ് പി.എസ്.എല്‍.വി. വിക്ഷേപിച്ചത്.
ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളുടെ ഭൂപട നിര്‍മിതിക്ക് സഹായകരമാവുന്ന റിസോഴ്‌സ് സാറ്റ് 2 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളെയാണ് പി.എസ്.എല്‍.വി. സി 16 സൗര സ്ഥിര ഭ്രമണപഥത്തില്‍ 822 കിലോമീറ്റര്‍ അകലെയായി വിക്ഷേപിച്ചത്. ഇന്തോ-റഷ്യന്‍ സംയുക്ത നിര്‍മിതിയായ യൂത്ത് സാറ്റ് , സിംഗപ്പൂരിലെ നാങ്യാങ് സര്‍വകലാശാലയില്‍ നിന്നുള്ള എക്‌സ് സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് റിസോഴ്‌സ് സാറ്റിനൊപ്പം പി.എസ്.എല്‍.വി. സി. 16 ഭ്രമണപഥത്തിലെത്തിച്ചത്.

തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണകേന്ദ്രം രൂപകല്പന നിര്‍വഹിച്ചിട്ടുള്ള പി.എസ്.എല്‍.വി. ഇന്ത്യയുടെ അതിവിശ്വസനീയ ബഹിരാകാശ വിക്ഷേപണ വാഹനമായാണ് അറിയപ്പെടുന്നത്.

1993- ലെ ആദ്യദൗത്യം പരാജയപ്പെട്ടതൊഴിച്ചാല്‍ പി.എസ്. എല്‍.വി.യുടെ ഇതുവരെയുള്ള 17 വിക്ഷേപണയാത്രകളും വിജയമായിരുന്നു. കാര്‍ട്ടൊസാറ്റ് 2 ബി.യടക്കം അഞ്ച് ഉപഗ്രഹങ്ങളുമായി കഴിഞ്ഞ വര്‍ഷം ജൂലായ് 12-നാണ് പി.എസ്.എല്‍.വി.സി. 15 വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. അതേസമയം ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി.യുടെ രണ്ട് വിക്ഷേപണങ്ങള്‍ കഴിഞ്ഞവര്‍ഷം പരാജയമായത് ഐ.എസ്.ആര്‍.ഒ.ക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ജി.എസ്.എല്‍.വി.എഫ്. 06 പരാജയപ്പെട്ടതിനുശേഷം ഐ.എസ്.ആര്‍.ഒ. നടത്തുന്ന ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്.
ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍, കേന്ദ്ര സഹമന്ത്രി വി.നാരായണ സ്വാമി, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍മാരായ പ്രൊഫ.എം.ജി.കെ മേനോന്‍, ഡോ.കസ്തൂരി രംഗന്‍ തുടങ്ങിയവര്‍ വിക്ഷേണത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ഏപ്രില്‍ 28 ന് റിസോഴ്‌സ് സാറ്റ് 2 ല്‍ നിന്ന് ചിത്രങ്ങള്‍ ലഭിച്ചു തുടങ്ങുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം