ലഷ്കറെ തൊയ്ബക്ക്‌ സുരക്ഷാകവചമൊരുക്കുന്നത്‌ പാക്‌ സൈന്യം

April 20, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ ലഷ്കറെ തൊയ്ബക്ക്‌ സുരക്ഷാകവചമൊരുക്കുന്നത്‌ പാക്‌ സൈന്യമാണെന്ന്‌ ആ രാജ്യത്തിന്റെ പ്രസിഡന്ത്തന്നെ സമ്മതിച്ചതായി വെളിപ്പെടുത്തല്‍. മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ബ്രൂസ്‌ റീഡല്‍ ആണ്‌ നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്‌. പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി ഭീകരബന്ധത്തിന്റെ പേരില്‍ പാക്‌ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചുവെന്നാണ്‌ ബ്രൂസ്‌ റീഡല്‍ ന്യൂസ്‌ വീക്കില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്‌.
ഭീകരതക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ സൈന്യം ഇരട്ടത്താപ്പ്‌ കാട്ടുന്നുവെന്ന്‌ സര്‍ദാരി വിമര്‍ശിച്ചിരുന്നു. പാക്‌ സൈന്യത്തിന്റെ ഭീകരബന്ധം വെളിപ്പെടുത്തുന്ന തെളിവുകളുടെ ധാരാളിത്തത്തിന്റെ പിന്‍ബലത്തിലായിരുന്നു സര്‍ദാരിയുടെ വിമര്‍ശനമെന്ന്‌ ബ്രൂസ്‌ റീഡല്‍ പറയുന്നു. ജിഹാദി ഭീകരതക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ത്തന്നെ നടക്കുന്ന യുദ്ധങ്ങളില്‍ ഐഎസ്‌ഐയോ പാക്‌ സൈന്യമോ വിശ്വസിക്കാന്‍ പറ്റിയ ഏജന്‍സികളെല്ലന്നും മുന്‍ സിഐഎ ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്‍ ഭരണസിംഹാസനത്തിന്‌ പിന്നിലെ യഥാര്‍ത്ഥ അധികാര കേന്ദ്രമായാണ്‌ സൈന്യത്തിന്റെ പ്രവര്‍ത്തനം. ലോകമെമ്പാടും നടക്കുന്ന ഇസ്ലാമിക ഭീകരാക്രമണത്തിന്റെ വേരുകള്‍ പാക്കിസ്ഥാനിലാണെന്ന തിരിച്ചറിവിലാണ്‌ അതിനെ പാടെ ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സമൂഹം ആ രാജ്യത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്‌. പക്ഷേ, പാക്‌ സര്‍ക്കാരിന്റെ നടപടികളെയെല്ലാം ‘സിംഹാസനത്തിന്‌ പിന്നിലെ ഈ അധികാരകേന്ദ്രം’ അട്ടിമറിക്കുകയാണ്‌. ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിലപാട്‌ രണ്ട്‌ വള്ളത്തില്‍ കാലുവെക്കുന്നതാണെന്ന്‌ സര്‍ദാരി തന്നെ പരാമര്‍ശിച്ചതായി ബ്രൂസ്‌ റീഡല്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ജിഹാദി ഭീകരതയുടെ ഇരകളുടെ കൂട്ടത്തില്‍ പാക്കിസ്ഥാന്‍ ജനതയുമുണ്ടെന്ന്‌ റീഡല്‍ പറയുന്നു. നിരന്തരം നടക്കുന്ന ചാവേര്‍ സ്ഫോടനങ്ങളില്‍ ആയിരക്കണക്കിന്‌ പാക്‌ പൗരന്മാരാണ്‌ കൊല്ലപ്പെടുന്നത്‌. അഫ്ഗാനിലെ താലിബാന്‍ ഭീകരരെ അമര്‍ച്ച ചെയ്യാന്‍ അമേരിക്ക വിന്യസിച്ചതിലും അധികം സൈനികരെയാണ്‌ പാക്കിസ്ഥാന്‍ അതിന്റെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിയോഗിച്ചത്‌. പക്ഷേ അമേരിക്കന്‍ വിരോധംമൂലം പലപ്പോഴും പാക്‌ സൈന്യം താലിബാന്‌ പിന്തുണ നല്‍കുകയാണ്‌ ചെയ്യുന്നത്‌. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മഹാനഗരത്തെ തകര്‍ക്കാന്‍ ലഷ്കറെ തൊയ്ബയാണ്‌ ഭീകരരെ നിയോഗിച്ചത്‌ എന്നതിന്‌ വ്യക്തമായ തെളിവുകളേറെയാണ്‌. 164 പേരെ കൊന്നൊടുക്കിയ ആ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാര്‍ പാക്കിസ്ഥാനിന്റെ സൈന്യത്തിന്റെ സംരക്ഷണം ആസ്വദിച്ചുകഴിയുകയാണ്‌. മുംബൈ ഭീകരാക്രമണത്തിന്‌ മേല്‍നോട്ടം വഹിച്ചുവെന്ന കേസില്‍ പാക്‌ ഇന്റലിജന്‍സ്‌ മേധാവി പാഷക്ക്‌ ന്യൂയോര്‍ക്ക്‌ സിറ്റി കോടതി സമന്‍സ്‌ അയച്ചത്‌ ഈയിടെയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍