പി.എസ്‌.എല്‍.വി സി 16 വിജയകരം

April 20, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ സുപ്രധാന ഏടുകളിലൊന്നായ പി.എസ്‌.എല്‍.വി സി 16 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 10.12 ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ പി.എസ്‌.എല്‍.വി വിക്ഷേപിച്ചത്‌. മൂന്ന്‌ ഉപഗ്രഹങ്ങളാണ്‌ പി.എസ്‌.എല്‍.വി സി 16 വഹിക്കുന്നത്‌. അത്യാധുനിക റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹമായ റിസോഴ്‌സ്‌സാറ്റ്‌ രണ്ടിനു പുറമെ, യൂത്ത്‌സാറ്റ്‌, എക്‌സ്‌- സാറ്റ്‌ എന്നീ ഉപഗ്രഹങ്ങള്‍ കൂടിയാണ്‌ പി.എസ്‌.എല്‍.വി സി 16 ഭ്രമണ പഥത്തിലെത്തിച്ചത്‌. 2011ല്‍ ഐ.എസ്‌.ആര്‍.ഒ നടത്തുന്ന ആദ്യ വിക്ഷേപണമാണിത്‌.
പ്രകൃതി വിഭവങ്ങള്‍ കണ്ടെത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ഏറെ ഉപകാരപ്രദമാണ്‌ 1206 കിലോ ഭാരമുള്ള റിസോഴ്‌സ്‌സാറ്റ്‌ രണ്ട്‌. ഐ.എസ്‌.ആര്‍.ഒ തന്നെയാണിത്‌ നിര്‍മ്മിച്ചത്‌. ഇന്ത്യയുടെയും റഷ്യയുടെയും സംരംഭമായ യൂത്ത്‌ സാറ്റ്‌ നക്ഷത്രങ്ങളെക്കുറിച്ചും അന്തരീക്ഷത്തിലെ വസ്‌തുക്കളെക്കുറിച്ചും പഠനം നടത്തും. 98 കിലോയാണു ഇതിന്റെ ഭാരം. 106 കിലോ ഭാരമുള്ള എക്‌സ്‌- സാറ്റ്‌ സിംഗപ്പൂരിലെ നാന്‍യാങ്ങ്‌ സാങ്കേതിക സര്‍വകലാശാലയാണു നിര്‍മ്മിച്ചത്‌. അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്‌- 5പിയെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ജി.എസ്‌.എല്‍.വി എഫ്‌-06 കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന്‌ വിക്ഷേപിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇന്നത്തെ വിക്ഷേപണത്തെ ശാസ്ത്രരംഗം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു.
ഇത്‌ പി.എസ്‌.എല്‍.വിയുടെ പതിനെട്ടാം വിക്ഷേപണവും തുടര്‍ച്ചയായ പതിനാറാം വിജയവുമാണ്‌. ബഹിരാകാശ പഠനരംഗത്തെ നാഴികക്കല്ലാണ്‌ ഇന്നത്തെ വിജയകരമായ വിക്ഷേപണമെന്ന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം