വി.എസ് ജയിലിലും ദ്രോഹിച്ചുവെന്ന് ബാലകൃഷ്ണ പിള്ള

April 20, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ തന്നെ വി.എസ് അച്യുതാനന്ദന്‍ ജയിലിലും ഒരുപാട് ദ്രോഹിച്ചുവെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള ആരോപിച്ചു. പരോളില്‍ പുറത്തിറങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്യുതാനന്ദന്‍ ജയിലിലെത്തിയ ശേഷവും തന്നെ ഒരുപാട് ദ്രോഹിച്ചു. തനിക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നു.തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമാണ്. ജയിലിലെത്തിയ ശേഷം തൂക്കം അഞ്ചു കിലോ കുറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നപ്പോള പോലും ഇത്ര മോശം അനുഭവം ഉണ്ടായിട്ടില്ല. ബാലകൃഷ്ണ പിള്ള പറഞ്ഞു.
ഒരു സാധാരണ തടവുകാരന്റെ അവകാശങ്ങള്‍ പോലും അച്യുതാനന്ദന്റെ ശാഠ്യം മൂലം ലഭിച്ചില്ലെന്നും ആഭ്യന്തര മന്ത്രിക്ക് അതില്‍ പങ്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്ന് ആവര്‍ത്തിച്ച അദ്ദേഹം എ ക്ലാസ് സൗകര്യങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. എ ക്ലാസ് സൗകര്യം അനുവദിച്ചുവെന്ന വാര്‍ത്തകള്‍ മാത്രമാണ് വന്നത്. ആസ്പത്രി ബ്ലോക്കില്‍ എല്ലാവര്‍ക്കും ലഭിക്കുന്നതുപോലെ ഒരു കട്ടില്‍ മാത്രമാണ് ലഭിച്ചത്. അദ്ദേഹം പറഞ്ഞു. വളരെ ക്ഷീണിതനായി കാണപ്പെട്ട പിള്ള ജയിലില്‍ നിന്നിറങ്ങിയ ശേഷം തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലേക്ക് പോയി. ചൊവ്വാഴ്ച രാത്രിയാണ് ബാലകൃഷ്ണ പിള്ളയ്ക്ക് 10 ദിവസത്തെ പരോള്‍ അനുവദിച്ചത്.
ഭാര്യയുടെ ചികിത്സക്കായി പത്തുദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പാണ് പിള്ള അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ അപേക്ഷയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരോളിന് പര്യാപ്തമല്ല എന്ന കാരണത്താല്‍ ആഭ്യന്തര വകുപ്പ് തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ പരോള്‍ അനുവദിച്ചത്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചതിനെ തുടര്‍ന്ന് ഫിബ്രവരി 18 നാണ് പിള്ള പൂജപ്പുര ജയിലിലെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം