സായി ബാബയുടെ നില അതീവ ഗുരുതരം

April 21, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

പുട്ടപര്‍ത്തി: ചികിത്സയിലുള്ള സത്യസായി ബാബയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ബാബ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം മോശമായതായാണ് രാവിലെ പുറത്തിറക്കിയ ബുള്ളറ്റിന്‍ പറയുന്നത്. വൃക്കയുടെ പ്രവര്‍ത്തനം മോശമായതിനെത്തുടര്‍ന്ന് ബാബയെ ഡയാലിസിസിന് വിധേയനാക്കിയതായി ആസ്പത്രി ഡയറക്ടര്‍ ഡോ.എന്‍ സഫയ അറിയിച്ചു.
ബാബയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തില്‍ ആന്ധ്ര മെഡിക്കല്‍സംഘവും ചേര്‍ന്നിട്ടുണ്ട്.നേരത്തേ ഉള്‍പ്പെടുത്തിയിരുന്ന ആന്ധ്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ. രവി രാജിന് പുറമേയാണ് ഈ ഡോക്ടര്‍മാരുടെ സംഘത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അമേരിക്കയിലെ ഇലക്‌ട്രോ ഫിസിയോളജി വിദഗ്ധനായ ഡോ. യജ്ഞരാമനും ബാബയുടെ ചികിത്സാസംഘത്തില്‍ ചേര്‍ന്നു. അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരായ രണ്ട് ഡോക്ടര്‍മാര്‍ നേരത്തേ ബാബയുടെ ചികിത്സാസംഘത്തില്‍ ചേര്‍ന്നിരുന്നു.
ബാബയുടെ ആരോഗ്യനില സംബന്ധിച്ച് സത്യസായി ട്രസ്റ്റും ആരോഗ്യവകുപ്പും വ്യത്യസ്ത അഭിപ്രായപ്രകടനം നടത്തുന്നതില്‍ പ്രശാന്തിനിലയത്തില്‍ ഭക്തര്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ് . വ്യാഴാഴ്ചയോടെ 4000ത്തിലധികം പോലീസുകാരെ വിന്യസിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ബാബയുടെ ആരോഗ്യനില സംബന്ധിച്ച ഭക്തരുടെ ആശങ്ക കണക്കിലെടുത്താണ് കൂടുതല്‍ പോലീസിനെ നിയോഗിച്ചതെന്ന് അനന്തപുര്‍ ജില്ലാകളക്ടര്‍ ജനാര്‍ദന്‍ റെഡ്ഡി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സത്യസായി ട്രസ്റ്റ് അധികൃതരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ബാബയെ സത്യസായി ട്രസ്റ്റ് സജീവ സമാധിയായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണെന്ന് വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് ബാബയുടെ ആരോഗ്യനിലയെക്കുറിച്ച് സത്യാവസ്ഥ അറിയിക്കണമെന്ന ആവശ്യവുമായി ഭക്തര്‍ പ്രശാന്തി നിലയത്തില്‍ തടിച്ചുകൂടിയത്. ബാബയുടെ ആരോഗ്യ നിലയെക്കുറിച്ച് സത്യാവസ്ഥ അറിയിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ഒരു ഭക്തന്‍ കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടാതെ മനുഷ്യാവകാശ കമ്മീഷനും ബാബയുടെ ആരോഗ്യനില സംബന്ധിച്ച് 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം