സിക്കിമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ മരിച്ചു

April 22, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഗാങ്‌ടോക്: വടക്കന്‍ സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച കാലത്ത് ഒന്‍പതരയോടെ ശിവമന്ദിര്‍ പ്രദേശത്തെ വനമേഖലയില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരില്‍ ഒരു മേജറും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഒരു നോണ്‍ കമ്മീഷണ്‍ഡ് ഓഫീസറും ഉള്‍പ്പെടും. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന് കുരുതുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പതിവ് പരിശീലപ്പറക്കലിന്റെ ഭാഗമായി സിലിഗുരിയിലെ സെവാക് റോഡ് ബെയ്‌സില്‍ നിന്ന് വ്യാഴാഴ്ച കാലത്ത് മറ്റൊരു ധ്രുവ് ഹെലികോപ്റ്ററിനൊപ്പമാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററും യാത്ര പുറപ്പെട്ടത്. 15,000 അടി ഉയരത്തിലാണ് ഹെലികോപ്റ്റര്‍ പറന്നുകൊണ്ടിരുന്നത്. എന്നാല്‍, 11.30 ഓടെ ഇവര്‍ക്ക് ബെയ്‌സുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും വ്യാഴാഴ്ച രാത്രി വരെ ഹെലികോപ്റ്ററിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഗുവാഹട്ടിയില്‍ പവന്‍സ് ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 17 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിറകെയാണ് അടുത്ത ദുരന്തമുണ്ടായത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ഹെലികോപ്റ്ററാണ് ധ്രുവ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അഞ്ചു തവണ ഈ ഹെലികോപ്റ്ററുകള്‍ അപകടത്തില്‍പ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം