ശ്രീ സത്യസായിബാബ മഹാസമാധിയായി

April 24, 2011 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

പുട്ടപ്പര്‍ത്തി: കാരുണ്യത്തിന്റെ അവതാരമായ ആത്മീയഗുരു ശ്രീ സത്യസായി ബാബ മഹാസമാധിയായി. 84 വയസ്സായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഞായറാഴ്‌ച കാലത്ത്‌ 7.40ന്‌ പുട്ടപ്പര്‍ത്തി സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. പൂജയും പ്രാര്‍ഥനകളുമായി ഉറക്കമൊഴിച്ചിരുന്ന ആയിരക്കണക്കിന്‌ വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട്‌ ഞായറാഴ്‌ച രാവിലെ പത്തരയോടെ ആസ്‌പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ്‌ മരണവിവരം അറിയിച്ചത്‌. തിങ്കളാഴ്‌ച്ചയും ചൊവ്വാഴ്‌ച്ചയും മൃതദേഹം പുട്ടപര്‍ത്തിയിലെ സായ്‌ കുല്‍വന്ത്‌ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വെക്കുമെന്ന്‌ സായ്‌ ട്രസ്റ്റ്‌ അറിയിച്ചു. സംസ്‌കാരസമയം പ്രഖ്യാപിച്ചിട്ടില്ല.
മാര്‍ച്ച്‌ 28 നാണ്‌ ബാബയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ്‌ കുറച്ചുനാളായി ബാബയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. ഡയാലിസിസും തുടരുന്നുണ്ടായിരുന്നു. രാവിലെ പ്രത്യേക മെഡിക്കല്‍ സംഘം യോഗം ചേര്‍ന്നതിന്‌ ശേഷമാണ്‌ ദേഹവിയോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. ശനിയാഴ്‌ച വൈകീട്ട്‌ ശ്രീ സത്യസായി ട്രസ്റ്റ്‌ അടിയന്തരയോഗം ചേര്‍ന്ന്‌ ചികിത്സാകാര്യങ്ങള്‍ അവലോകനം ചെയ്‌തിരുന്നു. ബാബയുടെ കുടുംബാംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. മരുന്നുകളോടും ചികിത്സയോടും ബാബയുടെ ശരീരം പ്രതികരിക്കാത്തതിനാല്‍ ഈ യോഗം നിര്‍ണായകമായിരുന്നു എന്നാണ്‌ അറിയുന്നത്‌.
അനന്തപ്പുര്‍ ജില്ലയിലെ വിവിധ വകുപ്പ്‌ മേധാവികള്‍ക്ക്‌ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പുട്ടപര്‍ത്തിയില്‍ സുരക്ഷാ സാഹചര്യം നേരിടാന്‍ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പുട്ടപര്‍ത്തിയിലേക്കുള്ള എല്ലാ റോഡുകളിലും പോലീസ്‌ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുയാണ്‌. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ പുട്ടപര്‍ത്തിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം