സ്വര്‍ണം വാങ്ങാനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

April 25, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇനി സ്വര്‍ണം വാങ്ങുന്നതിനും പാന്‍ കാര്‍ഡ് വേണ്ടിവന്നേക്കാം. രാജ്യത്ത് കള്ളപ്പണം വ്യാപകമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഇടപാടുകള്‍ക്ക് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍)നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നത്.
അഞ്ച് ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള തുകയ്ക്ക് സ്വര്‍ണാഭരണങ്ങളോ സ്വര്‍ണക്കട്ടിയോ വാങ്ങുന്നതിനാവും പാന്‍ നിര്‍ബന്ധമാക്കുക. സ്വര്‍ണം വില്‍ക്കാനും പാന്‍ വേണ്ടിവരും.
തീവ്രവാദികള്‍ ഉയര്‍ന്ന മൂല്യത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം അടവിനും പാന്‍ നിര്‍ബന്ധമാക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയത്തിനാണ് ഇത്. വിദേശ യാത്രയ്ക്കായി ട്രാവല്‍ ഏജന്‍സിക്കോ ടൂര്‍ ഓപ്പറേറ്റര്‍ക്കോ വിദേശനാണ്യം വാങ്ങുന്നതിനോ നല്‍കുന്ന തുകയുടെ പരിധിയില്‍ മാറ്റം വരുത്താനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇത്തരം പരിഷ്‌ക്കാരങ്ങളോടെ ആദായ നികുതി നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് കേന്ദ്രം.
ആദായ നികുതി റിട്ടേണിന് പാന്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിലവില്‍, ബാങ്ക് അക്കൗണ്ട് തുടങ്ങാനും ക്രെഡിറ്റ് കാര്‍ഡ് വാങ്ങാനും ഓഹരി ഇടപാടിനായുള്ള അക്കൗണ്ട് തുടങ്ങാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുമൊക്കെ പാന്‍ നിര്‍ബന്ധമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാട്, വാഹന വില്‍പന, 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം എന്നിവയ്ക്കും പാന്‍ കാര്‍ഡ് വേണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം