എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രി

April 25, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതന് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തുന്ന ഉപവാസ സമരത്തിന് തുടക്കമായി. എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച വിചിന്തനം നടക്കുന്ന ജനീവ കണ്‍വെന്‍ഷന്‍ ഇന്നാരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഉപവാസം നടത്തുന്നത്. എല്ലാവരും മരിച്ചുകഴിഞ്ഞാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഖേദകരമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളെ ഇത്രമേല്‍ ദോഷകരമായി ബാധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്താത്തത് ചില ഘടകകക്ഷി നേതാക്കളുടെ പിടിവാശിക്ക് വഴങ്ങിയാണ്. കേരളത്തിലെ യു.ഡി.എഫ് പോലും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായി കണ്ട് പരിഹാരംമാര്‍ഗം കാണണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിലാണ് ഉപവാസം ആരംഭിച്ചത്. വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ക്ക് പുറമെ ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍, കവയത്രി സുഗതകുമാരി, കത്തോലിക്കാ ബാവ എന്നിവരും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം