പൊന്നമ്പലമേട്ടില്‍ മകരദീപം തെളിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതിയുടെ അനുമതി

April 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ശബരിമലയിലെ മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ദീപാരാധനയുടെ ഭാഗമായി ദീപം തെളിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി ദേവസ്വം നിയോഗിക്കുന്ന ശാന്തിക്കാരനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വനംവകുപ്പും പോലീസും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണം. കാലങ്ങളായി നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പൊന്നമ്പലമേട്ടില്‍ തെളിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും തങ്ങള്‍ വഹിക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. പൊന്നമ്പലമേട്ടിലെ മകരദീപം ദൈവികമാണെന്ന് തങ്ങള്‍ ഒരുകാലത്തും അവകാശമുന്നയിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മകരദീപം അമാനുഷികമല്ലെന്ന് വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍ ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
കേരള യുക്തിവാദി സംഘത്തിനു വേണ്ടി ശ്രീനി പട്ടത്താനം, ഭാരതീയ യുക്തിവാദി സംഘം, അയ്യപ്പസേവാസമാജം സെക്രട്ടറി കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മകരദീപം തെളിക്കുന്നതിന് സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിക്കപ്പെടുന്നതായി തെളിവ് ലഭ്യമായിട്ടില്ലെന്നും കോടതി വിലയിരുത്തി. ദീപം തെളിക്കാനായി പെരിയാര്‍ കടുവാ സങ്കേതത്തില്‍ പ്രവേശിക്കാന്‍ അനുമതിയും പോലീസിന്റേയും വനം വകുപ്പിന്റേയും സഹായവും മാത്രമാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്. ദീപം തെളിക്കല്‍ വനേതര പ്രവര്‍ത്തനമാണെന്ന തടസ്സവാദമാണ് വനം വകുപ്പ് കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍ പണ്ടുമുതല്‍ നടന്നുവരുന്ന മകരദീപം തെളിക്കലിന് വനേതര പ്രവര്‍ത്തനമെന്ന പേരില്‍ അനുമതി നിഷേധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മകരസംക്രമ ദിവസം ദീപം തെളിക്കുന്നത് പൊന്നമ്പലമേട്ടിലെ വന്യജീവികളെയും സസ്യജാലങ്ങളെയും ബാധിക്കുമെന്നും കരുതാനാവില്ല. മകരവിളക്ക്, മകരജ്യോതി, പൊന്നമ്പലമേട്ടിലെ മകരദീപം എന്നിവയെപ്പറ്റിയൊക്കെ ഇപ്പോള്‍ പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കും പോലെ കൂടുതല്‍ വിവാദങ്ങളുമെത്തി.  ഏതായാലും മകരദീപം സംബന്ധിച്ച് സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന പൊന്നമ്പലമേട്ടില്‍ പണ്ട് ആദിവാസികള്‍ പൂജ നടത്തിവന്നിരുന്നു എന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുള്ളത്. ക്ഷേത്രം നാശാവസ്ഥയിലായ ശേഷവും ആദിവാസികള്‍ അവിടെ മകരസംക്രമ ദിവസം ദീപാരാധന നടത്തിയിരുന്നു.
ആ പ്രദേശത്തുനിന്ന് ആദിവാസികള്‍ ഒഴിപ്പിക്കപ്പെട്ടതോടെ മറ്റു ചിലര്‍ വിശ്വാസത്തിന്റെ ഭാഗമായി ദീപം തെളിച്ചുവന്നു. ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ദീപാരാധന സമയത്ത് തന്നെയാണിത്. അതേസമയത്തു തന്നെ ആകാശത്ത് വടക്കുകിഴക്കായി മകരനക്ഷത്രത്തെയും കാണാം. മകരനക്ഷത്രമാണ് മകരജ്യോതി. ഇതില്‍ മനുഷ്യരുടെ ഇടപെടലില്ല. ഈ മൂന്നുകാര്യങ്ങളും ഒരേ സമയത്ത് നടക്കുന്നതാണ്. മതവിശ്വാസത്തിന്റെ ഭാഗമായ ഇതിലേതെങ്കിലും ഇല്ലാതാവുന്നത് ഭക്തരെ നിരാശരാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ആര്‍. അനിത കോടതിയില്‍ ബോധിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം